അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആളുകള്‍ മർദ്ദിച്ച് കൊലപ്പെടുത്തിയ മധു എന്ന ആദിവാസി യുവാവിന്‍റേത് എന്ന് പറയുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്‍റര്‍ ഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായി ആദിവാസികള്‍ക്ക് നല്‍കിയ പരിശീലനത്തിനിടയില്‍ എടുത്തത് എന്ന് പറയുന്ന ചിത്രം ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത് മധുവിന്‍റെ ചിത്രമല്ല എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളം നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

ഫൈസി ഡെന്‍സണ്‍ എന്നൊരാളുടെ ചിത്രമാണിത്. ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രചാരണത്തിനിടയില്‍ അദ്ദേഹം കൂട്ടുകാരുടെ കൂടെയെടുത്ത ഫോട്ടോയാണ് മധുവിന്റേത് എന്ന തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത്. ആയിരത്തിന് മുകളില്‍പേര്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത ചിത്രം വാട്സ് ആപ്പിലും പ്രചരിക്കുന്നുണ്ട്. ‘ഇങ്ങനെയായിരുന്നു മധു’ എന്ന അടികുറിപ്പോടെയാണ് പലരും അത് പ്രചരിപ്പിക്കുന്നത്.

മധുവിന്റേത് എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്നത് തന്‍റെ ചിത്രമാണ് എന്ന് ഫൈസി ഡെന്‍സണ്‍ തന്നെ സ്ഥിരീകരിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ ബാധ്യത ഉപയോക്താവിന്റേതാണ് എന്നും എല്ലാം ‘വെള്ളം കൂടാതെ വിഴുങ്ങരുത്’ എന്ന് ഓര്‍മിപ്പിക്കുന്നതുമാണ് സംഭവം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ