കൊച്ചി: വ്യവസായി മലയാളി എം. എ. യൂസഫലിയും കുടുംബവും സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ട ഹൈലികോപ്റ്റര്‍ വില്‍പ്പനയ്ക്ക്. ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലന്‍ഡിന്റെ 109 എസ്. പി. ഹെലികോപ്റ്ററാണിത്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതത്വമുള്ള ഹൈലികോപ്റ്ററുകളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്.
ഹെലികോപ്റ്ററിന്റെ വില്‍പ്പന ഏകോപിപ്പിക്കുന്നത് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ്. ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് വില്‍പ്പന. നിലവില്‍ കൊച്ചി വിമാനത്താവളത്തിലെ ഹാങ്കറിലാണ് ഹെലികോപ്റ്റര്‍ സൂക്ഷിച്ചിരിക്കുന്നത്. അപകടത്തിന് ശേഷം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പറക്കാവുന്ന അവസ്ഥയിലല്ല.
അധികൃതര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തികരിച്ചു കഴിഞ്ഞാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ സാധിക്കും. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററാണെന്ന കാര്യം വില്‍പന ടെന്‍ഡറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഹെലികോപ്റ്ററിന്റെ വില 50 കോടി രൂപയോളമാണെന്നാണ് കണക്ക്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 11 നായിരുന്നു യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. വലിയ അപകടം ഒഴിവാക്കുന്നതിനായി എറണാകുളം പനങ്ങാട്ടുള്ള ചതുപ്പിലേക്ക് ഹെലികോപ്റ്റര്‍ ഇറക്കുകയായിരുന്നു. ഗുരുതര പരിക്കുകളേല്‍ക്കാതെ യൂസഫലിയും മറ്റുള്ളവരും രക്ഷപ്പെട്ടിരുന്നു.
Also Read: അവാർഡ് ആർക്ക് സമർപ്പിക്കുന്നു?;രേവതിയുടെ തഗ് മറുപടി, വീഡിയോ