എം4 ടെക് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ താരമാണ് ജിയോ ജോസഫ്. കേരളത്തിലെ യൂട്യൂബർമാരിൽ പ്രമുഖനായ ജിയോ തന്റെ കരിയറിലെ ഏറ്റവും നല്ല നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. യൂട്യൂബിൽ പത്തു മില്യൺ സബ്സ്ക്രൈബേഴ്സാകുന്ന വീഡിയോയാണ് ജിയോ ഷെയർ ചെയ്തത്.
90 ലക്ഷത്തിൽ നിന്ന് 10 മില്യണിലേക്ക് എത്തുന്നത് വീഡിയോയിൽ കാണാം. സന്തോഷം കൊണ്ട് തുള്ളിചാടുകയാണ് ജിയോ. അനവധി ആരാധകരും സുഹൃത്തുക്കളും പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.
മലയാളത്തിൽ ആദ്യമായി ഗോൾഡ് ബട്ടൺ കിട്ടിയ യുട്യൂബ് ചാനലുകളിൽ ഒന്നാണ് എം4 ടെക്. ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങൾ ഉൾപ്പെടുന്ന വീഡിയോയാണ് ജിയോയുടെ ചാനലിൽ കണ്ടുവരുന്നത്. പോളിടെക്നിക്കിൽ നിന്നു ഇലക്ട്രോണിക്സ് പാസായ ജിയോ ഖത്തറിൽ കുറച്ചു നാളുകൾ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലേയ്ക്കു തിരിച്ചെത്തിയതിനു ശേഷമാണ് വ്ളോഗിങ്ങ് തുടങ്ങുന്നത്.
കരിക്ക്, വില്ലേജ് ഫുഡ് ചാനൽ എന്നിവരാണ് കേരളത്തിൽ പത്ത് ലക്ഷത്തോട് അടുത്ത് സബ്സ്ക്രൈബേഴ്‌സുള്ള മറ്റ് ചാനലുകൾ. ‘കെഎൽബ്രോ ബിജു റിത്വിക്കി’നാണ് കേരളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ളത്. 14.5 മില്യണാണ് ഈ ചാനലിന്റെ സബ്സ്ക്രൈബേഴ്‌സ്.