/indian-express-malayalam/media/media_files/2026/01/24/mt-space-1-2026-01-24-16-48-05.jpg)
MT Vasudevan Nair
കൊച്ചി: ദീദി ദാമോദരൻ, എച്ച്മക്കുട്ടി എന്നിവർ ചേർന്നെഴുതിയ 'എംടി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെ ചോദ്യം ചെയ്തുകൊണ്ട് എംടി വാസുദേവൻ നായരുടെ മൂത്തമകൾ സിതാരയാണ് ആദ്യം പ്രതികരണവുമായി വന്നത്. ഇതിനുപിന്നാലെ ഇളയ മകൾ അശ്വതിയും പുസ്കത്തിൻറ ഉള്ളടക്കത്തെ തള്ളി.
Also Read: എം ടി എന്ന വിസ്മയം
ഇരുവരുടെയും പരാമർശങ്ങളെ തള്ളിപുസ്തകം എഴുതിയവർ തന്നെ രംഗത്തെത്തിയതോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഇരുഭാഗത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണം നടത്തുന്നുണ്ട്.
എം ടിയുടെ ആദ്യഭാര്യയും എഴുത്തുകാരിയും വിവർത്തകയുമായിരുന്ന പ്രമീളാ നായരുടെ ജീവിതത്തോട് ചേർന്നുള്ള സഞ്ചാരമാണ് 'എം ടി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകം. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയ പുസ്തകം ബുക്ക് വേം ആണ് പ്രസിദ്ധീകരിച്ചത്. എംടിയുടെയും ബഷീറിൻറെയും അടക്കമുള്ള നിരവധി കൃതികൾ പ്രമീളാ നായർ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നഷ്ടബോധങ്ങൾ, ഗൗതമി എന്ന പെൺകുട്ടി തുടങ്ങിയവയാണ് പ്രമീളാ നായരുടെ പ്രധാന കൃതികൾ.1999 നവംബർ പത്തിനാണ് പ്രമീളാ നായർ അന്തരിച്ചത്.
വിവാദങ്ങളുടെ തുടക്കം
എം.ടിയേയും ആദ്യ ഭാര്യ പ്രമീള നായരേയും കുറിച്ചാണ് 'എംടി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന് പുസ്തകത്തിൽ പരാമർശിക്കുന്നത്. എന്നാൽ, പുസ്‌കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് സിതാര സാമൂഹിക മാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടി. ഫെയ്‌സ് ബുക്കിൽ അശ്വതിയെ ടാഗ് ചെയ്തുകൊണ്ടാണ് വ്യാഴാഴ്ച സിതാര കുറിപ്പ് പോസ്റ്റ് ചെയ്തത്.
പ്രമീള നായരും എംടി വാസുദേവൻ നായരും മരിച്ചതിനു ശേഷം രചിക്കപ്പെട്ട പുസ്തകം കുടുംബത്തെ അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് കുറിപ്പിൽ പറയുന്നു.അതുവഴി ആർജിക്കുന്ന കുപ്രസിദ്ധിയിലൂടെ പുസ്തകം വിറ്റുപോകാനായി നടത്തിയ ശ്രമത്തിന്റെ ഭാഗമാണിത്. പുസ്തകത്തിൽ പറഞ്ഞ പല കാര്യങ്ങളും കേട്ടറിവ് മാത്രം വെച്ചുള്ളതും എംടിയെ കുറിച്ചുള്ള ആരോപണങ്ങളും പരാമർശങ്ങളും അടിസ്ഥാനരഹിതവുമാണ്.
Also Read: മാണിക്യക്കല്ലിന്റെ കഥ എം ടി എഴുതുന്നു
പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങൾ കുടുംബത്തിന് മനോവിഷമവും അപമാനവും ഉണ്ടാക്കി. പ്രശസ്തിക്കും പണത്തിനും വേണ്ടി മരിച്ച വ്യക്തികളെ തേജോവധം ചെയ്യുകയല്ല വേണ്ടത്. പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അർധ സത്യങ്ങളും കളവും വളച്ചൊടിച്ചതുമാണെന്ന് വായനക്കാരെ അറിയിക്കുന്നു.പുസ്തകം ഉടനടി പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നുംകുറിപ്പിൽ വ്യക്തമാക്കി.
ഇതിനുപിന്നാലെ, പുസ്തകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംടിയുടെ രണ്ടാമത്തെ മകൾ അശ്വതി നായരും രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് അശ്വതി ഇക്കാര്യം ആവശ്യപ്പെട്ടത്. പുസ്തകത്തിൽ ഉള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും അച്ഛനെക്കുറിച്ച് പറയുന്നത് കുടുംബത്തെ ബാധിക്കുമെന്നും അശ്വതി പ്രതികരിച്ചു.
തന്നോടും സഹോദരി സിതാരയോടും അഭിപ്രായം ചോദിച്ചിട്ടില്ല. പുസ്തകം പിൻവലിച്ചില്ലെങ്കിൽ നിയമപരമായ വഴികൾ തേടുമെന്നും അശ്വതി കൂട്ടിച്ചേർത്തു.പ്രമീള നായരുടേയും എംടിയുടേയും മകളാണ് സിതാര. എംടി പിന്നീട് വിവാഹം കഴിച്ച കലാമണ്ഡലം സരസ്വതിയുടെയും എംടിയുടെയും മകളാണ് നർത്തകി കൂടിയായ അശ്വതി.
പുസ്തകം വായിക്കാതെയുള്ള വിമർശനമെന്ന് എഴുത്തുകാർ
പുസ്തകത്തിൽ സ്വന്തമായി ഒന്നും പറഞ്ഞില്ലെന്നും എംടിയുടെ ജീവചരിത്രത്തിൽ വന്ന ഭാഗങ്ങൾ ക്വാട്ട് ചെയ്തതാണ് എഴുതിയതെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ ദീദി ദാമോദരന്റെ പ്രതികരണം. എംടിയുടെ മക്കളുടെ പ്രതികരണം പുസ്തകം വായിക്കാതെയാണെന്നും അവർ പറഞ്ഞു. " പ്രമീള നായർ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം. ആരേയും അവഹേളിക്കുന്ന കാര്യങ്ങൾ പുസ്തകത്തിലില്ല. ഏത് ഭാഗമാണ് മക്കളെ വേദനിപ്പിച്ചതെന്ന് പറഞ്ഞാൽ പരിശോധിക്കാം,"- ദീദി ദാമോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read: ആ കടവിൽ ഒറ്റയ്ക്കൊരാൾ
"എംടിയെ കുറിച്ചല്ല. സിതാരയും അശ്വതിയും ജനിക്കുന്നതിന് മുമ്പുള്ള കാലഘട്ടമാണ് പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. പുസ്തകത്തിൽ തെറ്റായി എന്താണുള്ളതെന്ന് പറയുന്നവർ വ്യക്തമാക്കി തരണം. പ്രമീള നായർ എന്ന പേര് അവർക്കെന്നും പ്രശ്‌നമാണ്. എംടിയുടെ പല ചിത്രങ്ങളിലും പ്രമീള നായരെ പോലുള്ള സ്ത്രീകളെ മോശമായി ചിത്രീകരിച്ചിട്ടുണ്ട്. വിവാദം എന്തിനെ കുറിച്ചാണന്ന് അറിയില്ല"- ദീദി ദാമോദരൻ പറഞ്ഞു. നാടക രചയിതാവും തിരക്കഥാക്കൃത്തുമായിരുന്ന ടി ദാമോദരൻറ മകളാണ് ദീദി ദാമോദരൻ.
ആരെയും വേദനിപ്പിക്കാനല്ല പുസത്കം എഴുതിയതെന്നായിരുന്നു എച്ച്മുക്കുട്ടിയുടെ പ്രതികരണം. എഴുതിയതിൽ എന്താണ് പ്രശ്നം എന്ന് എംടിയുടെ മക്കൾ പറയട്ടെയെന്നും എച്ച്മുക്കുട്ടി റിപ്പോട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. " വേദനിപ്പിക്കുന്നത് ഏതെന്ന് പറയട്ടെ. പിൻവലിക്കണമോ തിരുത്തണമോ എന്നത് പിന്നീട് വരുന്ന കാര്യമാണ്. ശേഷം മാത്രമേ അതിൽ തീരുമാനം പറയാൻ കഴിയുകയുള്ളു. എം ടിയുടെ മക്കളെ നേരിട്ട് അറിയുന്ന ആളെ അല്ല ഞാൻ. മനഃപൂർവം വേദനിപ്പിക്കാൻ വേണ്ടി ഒന്നും എഴുതിയിട്ടില്ല. രാജ്യദ്രോഹപരമായ ഒന്നും തന്നെ എഴുതിയിട്ടില്ല എന്ന് കരുതുന്ന ആളാണ് ഞാൻ."- എച്ച്മുക്കുട്ടി പറഞ്ഞു.
പ്രമീളദേവിയോടുള്ള ഇഷ്ടം കൊണ്ടാണ് പുസ്തകം എഴുതിയതെന്നും വിവാദം ആക്കേണ്ട ആവശ്യമില്ലെന്നും എച്ച്മുക്കുട്ടി പറഞ്ഞു. തന്റെ ഓർമകളെ, അനുഭവങ്ങളെ പുസ്തകങ്ങൾ ആക്കുമ്പോൾ ആരോടാണ് അനുവാദം ചോദിക്കേണ്ടത്. തമസ്‌കരിക്കപ്പെട്ട എഴുത്തുകാരി ആണ് പ്രമീള നായർ. തന്റെ ജീവിതവുമായി കൈകോർക്കുന്ന കുറെ അനുഭവങ്ങൾ ഉള്ളത് കൊണ്ടാണ് പുസ്തകം ആക്കിയത്. എം ടി ജീവിച്ചിരുന്ന കാലത്ത് വന്ന ആരോപണങ്ങൾ ഉണ്ടെന്നും അതിന് എല്ലാം അന്ന് മറുപടി ലഭിച്ചിരുന്നോയെന്നും എച്ച്മുക്കുട്ടി ചോദിച്ചു.
എന്തിന് പകപോക്കുന്നു ?
പുസ്തകം വായിക്കാതെയാണ് വിമർശനം എന്ന ദീദി ദാമോദരന്റെ ആരോപണത്തിന് മറുപടിയുമായി എംടിയുടെ മകൾ അശ്വതി വീണ്ടും രംഗത്തെത്തി . പുസ്തകത്തിൽ എല്ലാ പേജിലും എന്ന കണക്കെ എംടിയെ കുറിച്ചുള്ള പരാമർശമുണ്ടെന്ന് അശ്വതി . സിത്താര പറയാത്ത കാര്യങ്ങളാണ് പുസ്തകത്തിൽ ഉള്ളതെന്നും അവർ പറഞ്ഞു.
" സിത്താര ഒരിക്കലും എഴുത്തുകാരോട് സംസാരിച്ചിട്ടില്ല. അനുമതിയും നൽകിയിട്ടില്ല. അമ്മയെ കുറിച്ചുള്ള പുസ്തകത്തിന് സിത്താര അനുമതി നൽകാതെ എങ്ങനെ പ്രസിദ്ധീകരിക്കും.ആരോപണങ്ങൾ പിന്നീട് വാസ്തവം ആണെന്ന് ആളുകൾ ധരിക്കും. അതുകൊണ്ടാണ് പ്രതികരിക്കുന്നത്. എന്തിനുവേണ്ടിയാണ് പക പോക്കുന്നത് എന്ന് മനസ്സിലാകുന്നില്ല" - അശ്വതി പറഞ്ഞു.
Read More: എം ടി ഒരു കാലമാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us