നടി ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം അനുവദിച്ചതിനു പിന്നാലെ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ലൂസേഴ്‌സ് മീഡിയ എന്ന ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് കടുത്ത വിമർശനത്തിന് വിധേയമാകുന്നു. ‘ദിലീപേട്ടന്‍ ഒന്ന് മനസുവച്ചാല്‍ മതി മക്കളെ.. പിന്നെ നീയൊക്കെ ഇവിടുത്തെ ആണ്‍ പിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങള്‍ ആകും’ എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിനെതിരെ ശക്തമായ വിമര്‍ശനമാണ് നവമാധ്യമങ്ങളിൽ ഉയരുന്നത്.

വിമര്‍ശനം ശക്തമായതോടെ ലൂസേഴ്‌സ് മീഡിയ പ്രസ്തുത പോസ്റ്റ് പിന്‍വലിച്ചു. അഡ്മിന്‍ സര്‍ക്കാസം എന്ന നിലയില്‍ ഇട്ട പോസ്റ്റായിരുന്നെന്നും പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി ഇത് പിന്‍വലിക്കുന്നുവെന്നും പറഞ്ഞാണ് ഈ പോസ്റ്റ് പിന്‍വലിച്ചത്.

Dileep

‘എട്ടനെതിരെ സംസാരിച്ച ഫെമിനിച്ഛികള്‍ ഓര്‍ത്താല്‍ നല്ലത്.. യഥാർഥ ക്വട്ടേഷന്‍ ഇനി കേരളം കാണാന്‍ കിടക്കുന്നതേയുള്ളൂ.. ദിലീപേട്ടന്‍ ഒന്ന് മനസുവച്ചാ മതി മക്കളെ.. പിന്നെ നീയൊക്കെ ഇവിടുത്തെ ആണ് പിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങള്‍ ആകും..’ എന്ന പോസ്റ്റാണ് വിവാദമായത്. ‘തിരിച്ചുവന്നെന്ന് പറഞ്ഞേക്ക്.. എങ്ങനെ പോയാ, അതിലും മാസ് ആയിട്ട് തന്നെ’ എന്ന് ദിലീപ് ഫാന്‍സ് ക്ലബിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഇങ്ങനെയൊരു കുറിപ്പ് ഇവർ ഇട്ടത്.

പോസ്റ്റിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയകളില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടി സജിതാ മഠത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ‘സ്ത്രീവിരുദ്ധതയുടെ ആരവങ്ങള്‍ ഇതുപോലെ ഉള്ള പോസ്റ്റുകള്‍ ആയി മാറുമ്പോള്‍ ഇവിടെ സ്ത്രീയായി ജീവിക്കുക അത്ര എളുപ്പമല്ല! കഷ്ടം’ എന്നു പറഞ്ഞുകൊണ്ടാണ് സജിതാ മഠത്തില്‍ ഇതിനെതിരെ രംഗത്തുവന്നത്.

സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനം കടുത്തതോടെയാണ് ലൂസേഴ്‌സ് മീഡിയ പോസ്റ്റ് പിന്‍വലിച്ചത്. ഇവരുടെ വിശദീകരണകുറിപ്പ്:

‘കുറച്ചു മണിക്കൂർ മുന്നേ ഇട്ട ആ പോസ്റ്റ് ഞങ്ങൾ പിൻവലിച്ചത് തെറ്റ് മനസ്സിൽ ആയത് കൊണ്ടാണ്. ഞങ്ങൾ stringz media nd losers media ഒരു entertainment എന്ന നിലയിൽ ആരംഭിച്ച ഒരു പ്ലാറ്റ്ഫോം ആണ്.. ഇത് മാനേജ് ചെയ്യുന്നത് പോസ്റ്റ് ഇട്ട വിഷ്ണുവും പേജ് അഡ്മിൻ അയ കിരൺ, അഭിത് എന്നിവർ ആണ് ഉള്ളത്. പെട്ടന്ന് ഒരു തമാശ എന്ന അർത്ഥത്തിൽ ഒരുപാട് ആൾക്കാരെ വേദനിപ്പിച്ചു കൊണ്ടുള്ള ആ പോസ്റ്റ് ഇട്ടതിൽ ഞങ്ങൾ നിർവ്യാജം ഖേദിക്കുന്നു.

അത് ഞങ്ങളുടെ അഡ്മിൻ വിഷ്ണു സർക്കാസം എന്ന നിലയ്ക്ക് ഇട്ട പോസ്റ്റ് ആയിരുന്നു. പ്രശ്നത്തിന്റെ ഗൗരവം മനസ്സിൽ ആയതിനാൽ അവനെ പേജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.. എല്ലാരോടും മാപ്പ്… തെറ്റിദ്ധരിപ്പിച്ചതിൽ. തിരുത്താൻ ആകാത്ത ഒരു കൈ അബദ്ധം ആയി പോയി.. ഇനി ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കുന്നതോ തരം താഴ്ത്തി കെട്ടുന്നതോ ആയ രീതിയിൽ ഞങ്ങളുടെ ഭാഗത്തു നിന്നും യാതൊരു സംഭവങ്ങളും ഉണ്ടാകില്ല എന്ന് വാക്ക് തരുന്നു.. എല്ലാരോടും മാപ്പ്..’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ