വധുവിനെ ആവശ്യമുണ്ട്, വരനെ ആവശ്യമുണ്ട് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും വാർത്തകളും നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. എന്നാൽ ‘സുഹൃത്തിനെ ആവശ്യമുണ്ട്’ എന്നൊരു പോസ്റ്റോ വാർത്തയോ കണ്ടിട്ടുണ്ടോ?, ഉണ്ടാവാൻ ഇടയില്ല. ഇപ്പോഴിതാ, അത്തരമൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ഇടയ്ക്ക് വെച്ച ഇട്ടിട്ട് പോകാത്തൊരു സൗഹൃദം വേണം എന്ന ആവശ്യവുമായി രമണി പൂപ്പറമ്പിൽ എന്ന തൃശൂർ സ്വദേശിയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
“വരനെ ആവശ്യമുണ്ട് വധുവിനെ ആവശ്യമുണ്ട് എന്ന് പറയുമ്പോലെ നല്ലൊരു സുഹൃത്തിനെ ആവശ്യമുണ്ട്. ധാരാളം വായിക്കുന്ന ആളാകണം, യാത്രകൾ സിനിമ ഇഷ്ടമുള്ള ആളാകണം, ഉത്തരവാദിത്വങ്ങളൊഴിഞ്ഞ് ഫ്രീയായ ആളാകണം. 60 വയസ്സിന് മുകളിൽ അൽപ്പം മെച്ചൂരിറ്റി ഉണ്ടായിക്കോട്ടെ, സമയമുള്ളപ്പോഴൊക്കെ സംസാരിക്കാൻ വരണം, ഒഴിവുള്ളപ്പോൾ വിളിക്കണം ഈ ലോകത്തെ ഏത് വിഷയവും സംസാരിക്കാൻ അറിവുണ്ടാകണം. ആരോഗ്യമുണ്ടെങ്കിൽ കുഞ്ഞു യാത്രകൾ പോകണം, സിനിമ കാണാൻ പോകാം, ഇഷ്ടമുള്ള ആരോഗ്യം അനുവദിക്കുന്ന യാത്രകൾ ആകാം, ആജീവനാന്ത സൗഹൃദമാകണം ഇടയ്ക്ക് വെച്ച് ഇട്ടിട്ട് പോകരുത്. “
“പുരുഷനാണ് ഫസ്റ്റ് പ്രിഫറൻസ് മൂഞ്ചിയ ചിന്താഗതിയില്ലാത്ത സ്ത്രീകളും ആകാം. സ്ത്രീ ആണെങ്കിൽ താമസ സൗകര്യവും കൊടുക്കുന്നതാണ്. സൗഹൃദം മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഒന്ന് ഷെയർ ചെയ്ത് സഹായിക്കണേ.. ജീവിതം അത്രമേൽ ബോറായിരിക്കുമ്പോൾ ഇതല്ലാതെ വേറെ എന്ത് വഴി”, എന്നാണ് ഫെയ്സ്ബുക്ക് കുറിപ്പ്. “സൗഹൃദം എന്നാൽ രണ്ട് മനുഷ്യരിൽ മുളപൊട്ടി വളർന്ന് വികസിച്ച് ഒരു വലിയ തണൽ വൃക്ഷം ആകേണ്ടതാണ് എന്നറിയായ്കയല്ല” എന്നും കുറിച്ചിട്ടുണ്ട്.
നിരവധിപേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തുന്നത്. ‘നല്ല ആശയം. ന്യായമായ ആഗ്രഹം. എത്രയും പെട്ടെന്ന് നല്ലൊരു കൂട്ട് കിട്ടട്ടെ’, ‘ശരിക്കും ഇതേപോലെ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ടാകും. പ്രായം ആകുന്തോറും തനിച്ചായി പോകുന്ന ഒരുപാട് പേരുണ്ട് ഈ ലോകത്ത്. അവർക്കൊക്കെഒന്ന് മനസ് തുറന്നു മിണ്ടാനും കൂട്ടുകൂടാനും ഒരു കൂട്ട് ആവശ്യമുണ്ട്. ആരും അത് തുറന്നു പറയാറില്ല. അഡ്ജസ്റ്റ് ചെയ്തു പിന്നേം തനിച്ചു തന്നെ ജീവിക്കും. ചേച്ചിടെ ഈ പോസ്റ്റ് എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ.’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
പോസ്റ്റ് ഇതിനോടകം തന്നെ നിരവധിപേർ ഷെയർ ചെയ്തിട്ടുണ്ട്.
Also Read: ‘ഇപ്പോൾ നമ്മൾ രണ്ടും ഒരുപോലെയില്ലേ’; വളർത്തുനായയെ പോലെ മേക്കപ്പിട്ട് പെൺകുട്ടി; വീഡിയോ