കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർതിഥ്വം സംബന്ധിച്ച പരാമർശത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരെ പ്രതിഷേധം. കെ.ടി.ജലീല്‍ വംശീയ അധിക്ഷേപം നടത്തിയെന്നാണ് ആരോപണംം. ‘പുലിയെ പിടിക്കാൻ എലി മാളത്തിലെത്തിയ രാഹുൽജി !!!. പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്,’ എന്നാണ് മന്ത്രി ജലീൽ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ഫോട്ടോയിൽ “ശ്ശെടാ… പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല ഇലക്ഷന് മൽസരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ..’ എന്ന പരാമർശവുമുണ്ട്. ഇതാണ് കോൺഗ്രസ് അടക്കം യുഡിഎഫ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. രാഹുൽ ഗാന്ധിയെ ‘ഹിന്ദിക്കാരൻ’ എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. കോൺഗ്രസിന്‍റെ രാജ്യത്തെ എതിരാളിയായ ബിജെപിയെ പുലിയെന്നും കേരളത്തിലെ എതിരാളിയായ സിപിഎമ്മിനെ എലിയായും ജലീൽ ചിത്രീകരിച്ച് സെല്‍ഫ് ട്രോള്‍ വാങ്ങിയെന്നും പരിഹാസമുണ്ട്.

എന്നാല്‍ ഇതിനെതിരെ ജലീല്‍ രംഗത്തെത്തി. ഒരു സൈബർ ട്രോളറുടെ നിരുപദ്രവകരവും വിമർശനാത്മകവുമായ ട്രോളാണ് ഇതെന്നാണ് ജലീലിന്റെ വിശദീകരണം. പോസ്റ്ററൊട്ടിപ്പും കൂലിവേലയും പോലെ പവിത്രമാണ്, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അതിനും മലയാളികളെ കിട്ടാത്ത സ്ഥിതിയാണെന്നുമാണ് പ്രസ്തുത ട്രോളിന്റെ രത്നച്ചുരുക്കമെന്നാണ് അദ്ദേഹം പറയുന്നത്. വിമര്‍ശനം ഉന്നയിച്ച വി.ടി.ബല്‍റാമിനെതിരെയും ജലീല്‍ പരാമര്‍ശിക്കുന്നുണ്ട്.

ജലീലിന്റെ വിശദീകരണം:

ഞാൻ വംശീയ അധിക്ഷേപം നടത്തിയെന്ന രൂപത്തിൽ ചില പോസ്റ്റുകൾ കാണാൻ ഇടയായി. എന്റെ ഒരു കമന്റിന് ഇമേജായി കൊടുത്ത ഒരു സൈബർ ട്രോളറുടെ നിരുപദ്രവകരവും വിമർശനാത്മകവുമായ ട്രോളിനെ ആസ്പദിച്ചാണ് UDF സൈബർ പോരാളികൾ രംഗത്ത് വന്നിരിക്കുന്നത്. പോസ്റ്ററൊട്ടിപ്പും കൂലിവേലയും പോലെ പവിത്രമാണ്, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അതിനും മലയാളികളെ കിട്ടാത്ത സ്ഥിതിയാണെന്നുമാണ് പ്രസ്തുത ട്രോളിന്റെ രത്നച്ചുരുക്കം. ജോലികളും ഉത്തരവാദിത്തങ്ങളും ഇതര സംസ്ഥാനക്കാരെ ഏൽപിച്ച് കയ്യും കെട്ടി ഇരുന്ന് കുഴിമടിയൻമാരാകാൻ തുനിയുന്നതിന് എതിരെയുള്ള ഹാസ്യം തുളുമ്പുന്ന ട്രോളാണ് ഒരു അഖിലലോക കുറ്റമായി അവതരിപ്പിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ ‘Moron’ കളായ തൃത്താല സിങ്കത്തിന് ഞാനാ ഗണത്തിൽ പെട്ടില്ലങ്കിലല്ലേ അദ്ഭുതമുള്ളൂ. എല്ലാം തികഞ്ഞൊരു “അഴകിയ രാവണൻ” നാട്ടിലുണ്ടെന്നുള്ളതാണ് ഒരേ ഒരു സമാധാനം !!!
“ഇസ്ലാമോഫോബിയ” പോലെത്തന്നെ വെറുക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ് “കമ്മ്യൂണിസ്റ്റോഫോബിയ” യും. രണ്ടും അസഹിഷ്ണുതയുടെയും പരദർശന വിദ്വേഷത്തിന്റെയും അടയാളങ്ങളത്രെ. ഈ രണ്ടു ഫോബിയകളും ഒരേ സമയം ഹൃദയത്തിന്റെ ഇടതും വലതും സൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകളും വർണക്കളർ ഖദർ ധാരികളായ ചില കോൺഗ്രസ് ‘ഷോ’വനിസ്റ്റുകളും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ