ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ യുഡിഎഫിന് ട്വെന്റി-ട്വെന്റി ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും, ഇത്രയും വലിയ ഭൂരിപക്ഷത്തിലൊക്കെ ജയിക്കുമെന്ന് കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനോ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠനോ ഒന്നും പ്രതീക്ഷിച്ചു കാണില്ല. എന്നാല്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ ഒഴികെ കേരളത്തില്‍ മറ്റെല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ജയിക്കുമെന്ന് പണ്ടേ പ്രവചിച്ച ഒരാള്‍ ഉണ്ടായിരുന്നു. നാദാപുരംകാരന്‍ മുഹമ്മദ് അലി പി.കെയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

Read More: Lok Sabha Election Results 2019, winners: റെക്കോർഡ് ഭൂരിപക്ഷവുമായി രാഹുൽ; മിന്നും വിജയം നേടി മറ്റ് സ്ഥാനാർത്ഥികളും

‘ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും. ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടും. വേട്ടവര്‍ക്ക് സ്‌ക്രീന്‍ഷോട്ട് എടുത്ത് വെക്കാം,’ എന്നായിരുന്നു മുഹമ്മദ് അലിയുടെ പോസ്റ്റ്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രവചനം അക്ഷരംപ്രതി ശരിയാവുകയും ചെയ്തു.

ആലപ്പുഴയില്‍ സിപിഎമ്മിനായി ജനവിധി തേടിയ എ.എം.ആരിഫ് 9,213 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കേരളത്തിലെ 20 സീറ്റുകളില്‍ ഇവിടെ മാത്രമാണ് ഇടതുപക്ഷത്തിന് വിജയം ലഭിച്ചത്. മറ്റ് 19 സീറ്റുകളിലും യുഡിഎഫിനാണ് വിജയം.

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം സ്വന്തമാക്കിയത്. ദേശീയ തലത്തില്‍ വലിയ തിരിച്ചടിയാണ് നേരിട്ടതെങ്കിലും സംസ്ഥാനത്തെ ജയം കോണ്‍ഗ്രസിനും യുഡിഎഫിനും ആശ്വാസപകരുന്നതാണ്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിളങ്ങാനായ ഏക സംസ്ഥാനവും കേരളമാണെന്ന് എടുത്ത് പറയാന്‍ സാധിക്കും. 20ല്‍ 19 സീറ്റും തൂത്തുവാരിയാണ് യുഡിഎഫിന്റെ മുന്നേറ്റം.

Read More: Lok Sabha Election Results 2019: ലോക്‌സഭയില്‍ ഇടതുപക്ഷത്തിനായി ഇനി അഞ്ച് പേര്‍ മാത്രം!

ഇടത് കോട്ടകള്‍ തകര്‍ക്കുകയും വിജയം ഉറപ്പിച്ചിരുന്ന മണ്ഡലങ്ങളില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം കുറിക്കുകയും ചെയ്തു ഐക്യ ജനാധിപത്യ മുന്നണി. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വവും ശബരിമലയുമെല്ലാം വന്‍ഭൂരിപക്ഷത്തിന് അടിത്തറ പാകി. റെക്കോര്‍ഡ് പോളിങ് ഭൂരിപക്ഷത്തിലും വ്യക്തമായിരുന്നു എന്ന് എടുത്ത് പറയണം.

സംസ്ഥാനം ഇതുവരെ കണ്ട റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ജയം. കൃത്യമായി പറഞ്ഞാല്‍ 431770 വോട്ടുകള്‍ക്കാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന പി.പി സുനീറിനെ രാഹുല്‍ പരാജയപ്പെടുത്തിയത്. അമേഠിയില്‍ നാണക്കേടിന്റെ തോല്‍വി ഏറ്റുവാങ്ങിയ രാഹുലിന് എന്നാല്‍ വയനാട് സമ്മാനിച്ച റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook