അമ്മ എന്ന വാക്കിന് കടലോളം ആഴമുണ്ട്, ആകാശത്തോളം വലിപ്പമുണ്ട്, ഭൂമിയോളം സൗന്ദര്യമുണ്ട്. വാക്കുകൾക്ക് അതീതമാണ് അമ്മയുടെ സ്‌നേഹവും കരുതലും. ഒരു മകൾക്ക് അമ്മയുടെ സ്‌നേഹവും കരുതലും എത്രത്തോളം വലുതാണ് എന്ന് കാണിക്കുന്നതാണ് വിക്‌സിന്റെ പുതിയ പരസ്യ ചിത്രം.

അച്‌ഛനില്ലാതെ വളരുന്ന ഒരു പെൺകുട്ടിയുടെ ആശങ്കകളും ജീവിതത്തിലെ അനിശ്ചിതത്വവും ഭിന്നലിംഗക്കാർ സമൂഹത്തിൽ നേരിടുന്ന പ്രശ്‌നങ്ങളും മൂന്ന് മിനുട്ട് 35 സെക്കന്റ് ദൈർഘ്യമുളള​ വിഡിയോ പറഞ്ഞുവയ്‌ക്കുന്നു. ഭിന്നലിംഗക്കാർക്കും പൂർണ തോതിൽ അമ്മയാകാൻ കഴിയുമെന്നും അവരെ അംഗീകരിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും വിഡിയോ പറയുന്നു.

18-ാം വയസ്സിൽ സ്വന്തം വീട്ടിൽ നിന്ന് അടിച്ചിറക്കപ്പെട്ട മമ്മിയുടെ ജീവിതം എന്നും തനിച്ചായിരുന്നു. ആ ഏകാന്തതയിലേക്കാണ് അവൾ കയറി വന്നത്. മമ്മിയുടെ സ്വപ്‌നങ്ങൾക്ക് പുതിയ ചിറക് നൽകി അവൾ വളർന്നു. കുഞ്ഞുനാളിൽ അസുഖം മൂലം അമ്മ മരിച്ച പെൺകുട്ടിയെ ഏറ്റെടുത്ത് വളർത്തിയ ‘മമ്മി’യുടെ ആഗ്രഹം മകളെ ഡോക്‌ടറാക്കണമെന്നായിരുന്നു.
video, transgender mother, gauri sawanth, gauri sawanth transgender mother

എന്നാൽ ജീവിതത്തിൽ എന്നും അവകാശങ്ങൾ നിഷേധിക്കപ്പെട്ട മമ്മിക്ക് വേണ്ടി പോരാടാനായിരുന്നു അവളുടെ തീരുമാനം. അതിനായി ഒരു അഭിഭാഷകയാകണമെന്നും അവൾ തീരുമാനിക്കുകയാണ്. ഹൃദയ സ്‌പർശിയായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഗൗരി സാവന്ത് എന്ന ഭിന്നലിംഗക്കാരിയുടെ യഥാർഥ ജീവിത കഥയാണ് ഈ ലഘു വിഡിയോയിലൂടെ കാണിക്കുന്നത്. അനാഥയായ ഗായത്രി എന്ന പെൺകുട്ടിയെയാണ് ഗൗരി ഏറ്റെടുത്ത് വളർത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ