പുതിയ പ്രതിഷേധ മാർഗമായി എന്നെങ്കിലുമിത് സംഭവിക്കേണ്ടതു തന്നെയായിരുന്നു. തങ്ങളുടെ കാഴ്‌ചപ്പാടിനും സ്വാതന്ത്ര്യത്തിനും എതിരായി സംഭവിക്കുന്നത് നേരിട്ട് ലോകത്തെ കാണിക്കാൻ ലൈവ് സ്‌ട്രീമിങ് എന്ന വഴി പുതുതലമുറ തിരഞ്ഞെടുക്കുന്നത് വേറിട്ട പ്രതിഷേധ മാർഗമായാണ്. അമേരിക്കയിൽ ഫിലാൻഡോ കാസിൽ എന്ന യുവാവിനെ പൊലീസ് ഉദ്യോഗസ്ഥൻ വെടിവയ്‌ക്കുന്നത് കാമുകി ഫെയ്‌സ്ബുക്കിൽ ലൈവായി കാണിച്ചത് ലോകത്തെ ഞെട്ടിച്ചിരുന്നു. അനീതിക്കെതിരെ ഒരു ആയുധമായി ലൈവ് സ്‌ട്രീമിങ് ഉപയോഗിക്കാമെന്ന് ലോകത്തെ പഠിപ്പിച്ചത് ഈ സംഭവമായിരുന്നു.

അക്രമികൾക്ക് ഫോൺ തട്ടിയെടുത്ത് ലൈവ് വിഡിയോ അവസാനിപ്പിക്കാൻ സാധിച്ചാൽ പോലും അതുവരെ ലോകം കണ്ടത് ഒരിക്കലും മാഞ്ഞുപോകുന്നില്ല. അപകടം സംഭവിക്കുമെന്ന് ഉറപ്പുളള സാഹചര്യത്തിൽ ഒരു പരിധി വരെ സ്വയം പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു.

Read More: പൊലീസിന്റെ സദാചാര സംരക്ഷണം തത്സമയം

തിങ്കളാഴ്‌ച തിരുവനന്തപുരം മ്യൂസിയത്തിനടുത്ത് സംസാരിച്ചിരുന്ന യുവാവിനെയും യുവതിയേയും പൊലീസ് ചോദ്യം ചെയ്യാൻ എത്തിയത് അവർ ഫെയ്‌സ്ബുക്കിൽ ലൈവായി കാണിച്ചിരുന്നു. സദാചാര വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച പൊലീസിനോടുളള പ്രതിഷേധ സൂചകമായാണ് ഇവർ ലൈവ് സ്ട്രീമിങ് മാർഗമായി ഉപയോഗിച്ചത്.

മാതാപിതാക്കളെ വിളിച്ച് പറയുമെന്ന് ഭീഷണിപ്പെടുത്തിയ വനിതാ പൊലീസ് നടപടിക്കെതിരെ എന്ത് നിയമമാണ് തങ്ങൾ ലംഘിച്ചതെന്നാണ് ഇവർ ചോദിക്കുന്നത്. ഒരാളുടെ തോളിൽ കൈയ്യിട്ട് ഇരിക്കുന്നത് എങ്ങനെ നിയമലംഘനമാകുമെന്നും തങ്ങൾ ചുംബിക്കുന്നത് പൊലീസ് കണ്ടോയെന്നും യുവാവും യുവതിയും വിഡിയോയിൽ ചോദിക്കുന്നതും കേൾക്കാം.

സംഭവം ലോകം മുഴുവൻ കാണുന്നുവെന്നത് അറിയാതിരുന്ന പൊലീസ് വാക്കു തർക്കത്തിന്റെ ഒടുവിലാണ് അവർ റെക്കോർഡ് ചെയ്യുന്നുവെന്നത് പോലുമറിഞ്ഞത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, കഴിഞ്ഞ ആഴ്‌ചയാണ് അസമിലെ ഗൊഹട്ടിയിൽ പാർഥ പി ബോറ്വ എന്നയാൾ ചില പൊലീസ് ഉദ്യോഗസ്ഥർ അകാരണമായി തന്നെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ലൈവായി പുറത്തുവിട്ടത്.

മതിയായ രേഖകൾ ഉണ്ടായിട്ടും പൊലീസ് പാർഥയുടെ വാഹനത്തിന്റെ താക്കോൽ എടുത്തതോടെയാണ് ഫെയ്സ്ബുക്കിൽ ലൈവ് പോകാൻ തീരുമാനിച്ചത്. ആയിരങ്ങളാണ് ഈ സംഭവം സമൂഹ മാധ്യമത്തിലൂടെ കണ്ടത്. പാർഥയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നെങ്കിലും വിഡിയോയിലൂടെ നടന്ന സംഭവം തെളിവായി മാറുകയായിരുന്നു.

ഇതൊരു തുടക്കം മാത്രമാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ ആ സംഭവം ലോകത്തെ കാണിക്കാനും നിയമം ലംഘിച്ച് വാഹനം പാർക്ക് ചെയ്‌ത് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നതും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതും എന്തിന് ഒരു കൊലപാതകം പോലും ലൈവായി ലോകത്തെ കാണിക്കാൻ നമുക്ക് വെറും നിമിഷങ്ങൾ മതി. ഒരു സ്‌മാർട്‌ഫോണും ഒരു ഞൊടിയിടയിലെ ക്ലിക്കും മതി ഒരു തെളിവിന്. എന്നാൽ കാലവും സാങ്കേതിക വിദ്യയും മാറിയതനുസരച്ച് നമ്മുടെ നിയമങ്ങളും അതിനനുസരിച്ച് പരിഷ്‌കരിക്കേണ്ടിയിരിക്കുന്നു.

Read More: പിങ്ക് പൊലീസിന്റെ ‘സദാചാര പൊലീസിംഗ്’: ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

കൂടുതൽ തെളിവുകൾക്കും നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ അറിയുന്നതിനും ലൈവ് വിഡിയോയെ ആശ്രയിക്കാൻ കഴിയുന്ന തരത്തിൽ നമ്മുടെ നിയമസംവിധാനങ്ങൾ തയാറാകണം. ഒരു ഉദ്യോഗസ്ഥൻ ആണെങ്കിൽ കൂടി നിയമം ലംഘിച്ച് പൊതുസമൂഹത്തിൽ ചെയ്യുന്ന ഏത് കാര്യവും ലൈവായി കാണിക്കാൻ കഴിഞ്ഞാൽ സമൂഹത്തിന് അത് അക്രമത്തെ പ്രതിരോധിക്കാനുളള​ മാർഗം കൂടിയാകുന്നു.

എല്ലാ തവണയും ലൈവ് വിഡിയോകൾ എങ്ങനെയാകും അവസാനിക്കുന്നതെന്ന് പ്രവചിക്കാൻ സാധിക്കില്ല. പക്ഷേ സാധാരണ ജനങ്ങൾക്കും സ്വന്തമായി പ്രക്ഷേപണം നിർവഹിക്കാനും സത്യം ലോകത്തോട് പറയാനും കഴിയുന്ന ശക്തമായ ഒരു മാധ്യമമായി ഇത് മാറിയിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ