ശബരിമല യാത്രയ്ക്കിടെ വേദ എന്ന കൊച്ചു പെൺകുട്ടി പർദ ധരിച്ച സ്ത്രീയുടെ മടിയിൽ കിടന്നുറങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പരശുറാം എക്‌സ്‌പ്രസിൽ യാത്ര ചെയ്യവെ വേദയുടെ അച്ഛൻ സന്ദീപ് പകർത്തിയതായിരുന്നു ആ മനോഹര ചിത്രം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ രാജ്യമെങ്ങും വ്യാപകമാകുന്നതിനിടെയാണ് ഇത്തരമൊരു ചിത്രം നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആ കുട്ടിക്ക് തലചായ്ച്ചുറങ്ങാൻ മടിയൊരുക്കിയ ആ ഉമ്മയെ കണ്ടെത്തി അവരെക്കുറിച്ചുള്ള​ വിവരം ആളുകളെ അറിയിക്കുകയാണ് നജീബ് മൂടാടി എന്നയാൾ.

തബ്ഷീര്‍ എന്ന കാസര്‍ഗോഡ് ചെംനാട് സ്വദേശിയാണ് അവരെന്ന് നജീബ് മൂടാടി പറയുന്നു. ദുബായില്‍ എൻജിനീയറായ തബ്ഷീർ കുടുംബത്തോടൊപ്പം അവിടെ കഴിയുന്നു. കോട്ടയത്ത് പഠിക്കുന്ന മക്കളെ കാണാനുള്ള യാത്രയിലായിരുന്നു അവര്‍.

വസ്ത്രം കണ്ട് ആളെ തിരിച്ചറിയാൻ ഉപദേശിക്കുന്ന, മതം പറഞ്ഞു പൗരത്വത്തിന് രേഖയുണ്ടാക്കുന്ന ഈ കാലത്താണ് രേഖ വേണ്ടാത്ത മനുഷ്യസ്നേഹത്തിന്റെ ഈ മനോഹര ചിത്രം പ്രചരിക്കേണ്ടതെന്ന് പറഞ്ഞാണ് നജീബ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നജീബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നലെ ഫേസ്ബുക്കില്‍ കണ്ട ആ ചിത്രം, ആരെന്നറിയില്ലെങ്കിലും മനസ് നിറച്ചത് കൊണ്ടാണ് ‘അവര്‍ രണ്ടുപേരും ധരിച്ച കറുത്ത വസ്ത്രങ്ങള്‍ ആര്‍ക്കും മുറിച്ചു മറ്റാനാവാത്ത സ്‌നേഹം കൊണ്ടാണ് നെയ്തത്’.എന്ന ഒരു അടിക്കുറിപ്പോടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇട്ടത്. അത് കണ്ട സഫയാണ് അവളുടെ കസിന്‍ തബ്ഷീര്‍ ആണ് ആ ഉമ്മ എന്ന് പറഞ്ഞതും കൂടെയുള്ള ചിത്രങ്ങള്‍ അയച്ചു തന്നതും. സഫയുടെ വാക്കുകളില്‍ ആ ഉമ്മയെ ഒന്ന് പരിചയപ്പെടാം.

ഭര്‍ത്താവും മക്കളുമായി ദുബായില്‍ എൻനീയറായി കഴിയുന്ന തബ്ഷീര്‍ കാസര്‍ഗോഡ് ജില്ലയിലെ ചെംനാടുകാരിയാണ്. എംഎച്ച് സീതി ഉസ്താദിന്റെ മകള്‍. കാസര്‍ഗോഡ് ആദ്യമായി ഇസ്ലാമിക പുസ്തകങ്ങള്‍ വില്‍ക്കുന്ന കട തുടങ്ങിയത് അദ്ദേഹമാണ്. ‘അനീസാ ബുക് ഡിപ്പോ’. പ്രശസ്ത കാലിഗ്രാഫര്‍ ഖലീലുള്ള ചെംനാട് അടക്കം മൂന്നു സഹോദരന്മാരും നാലു സഹോദരിമാരും ആണ് തബ്ഷീറിന്.

മനുഷ്യര്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ മുളപ്പിക്കാന്‍ ഭരണകൂടം പോലും ശ്രമിക്കുന്ന ഇക്കാലത്ത്, ശബരിമല യാത്രക്കിടെ തന്റെ മകള്‍ വേദ തൊട്ടടുത്തിരിക്കുന്ന പര്‍ദ്ദയിട്ട ഉമ്മയുടെ മടിയില്‍ തലവച്ചു സുഖമായി ഉറങ്ങുന്ന ചിത്രം വേദയുടെ അച്ഛന്‍ സന്ദീപാണ് പകര്‍ത്തിയത്. ദുബായില്‍ നിന്നെത്തിയ തബ്ഷീര്‍ കോട്ടയത്തു പഠിക്കുന്ന മക്കളെ കാണാന്‍ പോവുകയായിരുന്നു.

വസ്ത്രം കണ്ട് ആളെ തിരിച്ചറിയാന്‍ ഉപദേശിക്കുന്ന, മതം പറഞ്ഞു പൗരത്വത്തിന് രേഖയുണ്ടാക്കുന്ന ഈ കാലത്താണ് രേഖ വേണ്ടാത്ത മനുഷ്യസ്‌നേഹത്തിന്റെ ഈ മനോഹര ചിത്രം പ്രചരിക്കേണ്ടതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook