തങ്ങൾക്ക് ഏറെ പ്രിയപെട്ടവരെ അനുകരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ചെറിയ കുട്ടികൾ. അങ്ങനെ തന്റെ വളർത്തുനായ പോലെയാവാൻ മേക്കപ്പിടുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
കവിളുകളിലും മൂക്കിലും വെളുത്ത നിറവും കണ്ണുകൾക്ക് ചുറ്റും മൂക്കിന്റെ അറ്റത്തും ചുണ്ടിലും കറുപ്പ് ചായമിടുന്ന പെൺകുട്ടിയെയാണ് വീഡിയോയിൽ കാണാനാവുക. കുട്ടിയുടെ മേക്കപ്പ് ഇടൽ കണ്ട് അമ്മ ചോദിക്കുന്നുണ്ട്, ‘എന്തിനാണ് നീ ഈ മേക്കപ്പ് ഇടുന്നത്’ എന്ന്. അതിന് അപ്പോൾ തന്നെ ആളുടെ മറുപടിയും വരുന്നു, ‘എനിക്ക് എന്റെ നായയെ പോലെയാവണം’. തനിക്ക് അത്രമേൽ പ്രിയപ്പെട്ട ഫ്രാൻസിസ്കോ എന്ന വാളർത്തുനായയെ പോലെയാകാനാണ് അവളുടെ ശ്രമം.
കണ്ണിന് ചുറ്റും കറുപ്പ് നിറവും മുഖത്ത് ബാക്കി ഇടങ്ങളിൽ വെള്ള നിറവുമാണ് നായയ്ക്ക്. ഇതാണ് കുട്ടി അനുകരിക്കാൻ ശ്രമിച്ചത്. നായയ്ക്ക് നേരെ ക്യാമറ തിരിയുമ്പോൾ അവൾക്ക് തെറ്റിയില്ല എന്ന് എല്ലാവർക്കും മനസിലാവും. അത്രയും മനോഹരമായിട്ടാണ് ആ കൊച്ചു കുട്ടി തന്റെ നായയെ പോലെ മേക്കപ്പിട്ടിരിക്കുന്നത്.
“ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച നല്ല വാർത്താ പോസ്റ്റുകളിലൊന്നായി മാറും…എനിക്ക് ചിരി നിർത്താൻ കഴിയുന്നില്ല,” എന്ന അടികുറിപ്പോടെ ഗുഡ് ന്യൂസ് എന്ന ഇൻസ്റ്റാഗ്രാം ചാനലിൽ വന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയ്ക്ക് ഇതിനോടകം തന്നെ 7.4 ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.
Also Read: Bigg Boss: ബിഗ് ബോസ് വീട്ടിലെ ചിരിക്കാഴ്ചകൾ; ട്രോളുകൾ കാണാം