കിടപ്പു മുറിയിലേക്ക് ഒരു പാമ്പ് ഇഴഞ്ഞു കയറി വരുന്ന സന്ദര്‍ഭം സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്ന ഒന്നല്ല. പേടിസ്വപ്നങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലായിരിക്കും ഇത്തരം സംഭവങ്ങള്‍. എന്നാല്‍ അരിയാനയ്ക്ക് അങ്ങനെയല്ല. പാമ്പുകളോട് സ്നേഹം മാത്രമാണ് ഈ പെണ്‍കുട്ടിക്കുള്ളത്. ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ അരിയാന പങ്കുവച്ചിരിക്കുന്ന വീഡിയോകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്.
കറുത്ത കൂറ്റന്‍ പെരുമ്പാമ്പുമായി കളിക്കുന്ന ഒരു വീഡിയോ അരിയാന പങ്കുവച്ചിട്ടുണ്ട്. കട്ടിലിന്റെ അടിയിലേക്ക് ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ വളരെ കൂളായി പിടിച്ചു വലിക്കുകയാണ് അരിയാന. പുഞ്ചിരിയോടെയാണ് അരിയാന പാമ്പിനെ നോക്കുന്നത്. അവള്‍ക്ക് ഉറങ്ങണമെന്നാണ് തോന്നുന്നത്, ഇതാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
മൂന്ന് ദിവസം മുന്‍പ് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് 77,000 കാഴ്ചക്കാരാണ് ഇതിനോടകം ലഭിച്ചത്. പാമ്പുമായുള്ള അരിയാനയുടെ കളികള്‍ ക്യൂട്ടാണെന്നാണ് എല്ലാവരുടേയും അഭിപ്രായം. കുഞ്ഞുങ്ങളെ മൃഗങ്ങളെ ഇതുപോലെ സ്നേഹിക്കാന്‍ പഠിപ്പിക്കുക എന്നൊരാള്‍ കമന്റ് ചെയ്തിട്ടുമുണ്ട്.
മഞ്ഞ നിറമുള്ള ഒരു പാമ്പിനെ വാരിപുണര്‍ന്ന് ഉറങ്ങുന്ന അരിയാനയെ മറ്റൊരു വീഡിയോയില്‍ കാണാം. നിരവധി പ്രത്യേകതകളുള്ള പാമ്പുകളുമായി പെണ്‍കുട്ടി കളിക്കുന്ന വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.