ഡബ്സ്മാഷുകളുടേയും ടിക് ടോക് വീഡിയോകളുടേയും കാലത്ത് സിനിമാ താരങ്ങളെ അനുകരിച്ച് വ്യത്യസ്തരാകുകയാണ് അച്ഛനും കുഞ്ഞുമകളും. ആരാണ് ഈ അച്ഛനും മകളുമെന്ന് അറിയില്ല. പക്ഷെ ഒറ്റവാക്കിൽ ഇവരുടെ പ്രകടനത്തെ ‘ക്യൂട്ട്’ എന്നേ പറയാനാകൂ. പ്രത്യേകിച്ച് ഈ കൊച്ചു മിടുക്കിയെ.

ഇരുവരും ചേർന്ന് ഉർവ്വശിയേും മോഹൻലാലിനേയും ജഗതിയേയും ശ്രീനിവാസനേയും ശോഭനയേയുമെല്ലാം അനുകരിക്കുന്നുണ്ട്. ‘യോദ്ധ’യിൽ ഉർവശിയും ജഗതിയും ഒന്നിച്ചുള്ള സംഭാഷണങ്ങൾ അനുകരിക്കുമ്പോൾ വലിയ ഭാവപ്രകടനങ്ങളൊക്കെയാണ് ഈ മിടുക്കിയുടെ മുഖത്ത് വിരിയുന്നത്.

‘അക്കരെ അക്കരെ അക്കരെ’യിലും ‘നാടോടിക്കാറ്റി’ലും മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചുള്ള രംഗങ്ങൾ അച്ഛനും മകളും അനുകരിക്കുമ്പോൾ ചിരിക്കാതിരിക്കാനാകില്ല. ഒറിജിനൽ ദാസനും വിജയനുമൊപ്പം കട്ടയ്ക്ക് നിൽക്കും ഈ ഡ്യൂപ്ലിക്കേറ്റുകളും.

‘തേന്മാവിൻ കൊമ്പത്ത്’ എന്ന ചിത്രത്തിൽ ശോഭനയും മോഹൻലാലും ആദ്യമായി കണ്ടുമുട്ടുന്ന സീൻ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. മോഹൻലാൽ പേര് ചോദിക്കുമ്പോൾ, കാർത്തുമ്പി എന്ന് ശോഭന മറുപടി പറയുകയും, ആര് കാറിത്തുപ്പി എന്ന് മോഹൻലാൽ തിരിച്ചു ചോദിക്കുകയും അതിന് മറുപടിയായി ആരും കാറിത്തുപ്പിയതല്ല, എന്റെ പേരാ പറഞ്ഞത് കാർത്തുമ്പി എന്ന് ശോഭന പറയുകയും ചെയ്യുന്നത് കിടിലനൊരു രംഗമാണ്. അതൊക്കെ മാസ് ആയാണ് അച്ഛനും മോളും അവതരിപ്പിച്ചിരിക്കുന്നത്.

ഇവരുടെ പ്രകടനത്തിന് സോഷ്യൽ മീഡിയയിലും വലിയ കൈയ്യടിയാണ്. നിരവധി ലൈക്കുകളും കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook