കുട്ടികളുടെ ചെറിയ കുസൃതികളുടെ വീഡിയോകള്‍ നെറ്റിസണ്‍സിനിടയില്‍ ഹിറ്റാകാറുണ്ട്. വിഷമിച്ചിരിക്കുന്നവരുടെ മൂഡ് മാറാന്‍ കുഞ്ഞുങ്ങളുടെ ഒരു ചിരി മതിയല്ലോ. അത്തരത്തില്‍ കേരള പൊലീസിന്റെയെടുത്ത് കുസൃതി കാണിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ക്യാമറയില്‍ നോക്കി ചിരിച്ച് പൊലീസ് ജീപ്പിന്റെ സൈഡിലൂടെ ഓടുന്ന കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നിലെത്തി ഒരു ചിരിയും പാസാക്കി സല്യൂട്ടും കൊടുത്തു. കുട്ടിയെ നിരാശപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ തിരിച്ചും സല്യൂട്ട് നല്‍കി. സല്യൂട്ട് തിരിച്ചു കിട്ടിയതിന്റെ സന്തോഷം തിരിച്ചെത്തിയ കുട്ടിയുടെ മുഖത്ത് പ്രകടമായിരുന്നു.
കേരള പൊലീസ് തന്നെയാണ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞുമോളുടെ സ്നേഹാഭിവാദ്യം എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. തിങ്കളാഴ്ച ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് ഇതുവരെ നാല് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്.
വീഡിയോയ്ക്ക് താഴെ കമന്റുകളുമായി നിരവധി പേരും എത്തിയിട്ടുണ്ട്. ക്യൂട്ട് സല്യൂട്ട് എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്റെ കുഞ്ഞാണ്, നേഹക്കുട്ടി, അവൾ സല്യൂട്ട് ചെയ്തിരിക്കുന്നത് പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ശ്രീ ബിജു സാറിനെ ആണെന്ന് സ്റ്റെഫി എന്നൊരാളും കമന്റ് ചെയ്തിട്ടുണ്ട്.