മഹാദുരന്തം വിതച്ച പേമാരിയെ ഒറ്റക്കെട്ടായി നേരിടുകയാണ് കേരളം. മുതിർന്നവർ മുതൽ കൊച്ചു കുട്ടികൾ വരെയുണ്ട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരുടെ കൂട്ടത്തിൽ. നാളുകളായി ശേഖരിച്ചു വച്ച കൊച്ചു പണപ്പെട്ടി പൊട്ടിച്ച് നാണയത്തുട്ടുകൾ നൽകിയ നിരവധി മിടുക്കരെ നമ്മൾ ഇതോടകം കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു മിടുക്കി സ്വന്തം കാതിലെ കമ്മൽ ഊരി മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നു.

ആലുവ സെന്റ്‌ ഫ്രാൻസിസ്‌ ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ലിയാന തേജസ് എന്ന ഈ കൊച്ചു പെണ്‍കുട്ടി. സഖാവ് എംഎം ലോറൻസിന്റെ നവതി ആദര പരിപാടികൾക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങുന്നതിനിടെയാണ് സംഭവം. കുടുക്കയിലെ സമ്പാദ്യം നല്‍കിയ ശേഷം ഇതും കൂടി എന്ന് പറഞ്ഞ് കാതിലെ രണ്ടു കമ്മലുകളും കൊച്ചുമിടുക്കി മുഖ്യമന്ത്രിക്ക് ഊരി നല്‍കി.

Read More: അരയ്‌ക്കൊപ്പം വെള്ളത്തിൽ ആംബുലൻസിന് വഴികാട്ടിയായി; ധീരതയ്ക്കുള്ള പുരസ്കാരം നേടി വെങ്കിടേഷ്

സിനിമാ പ്രൊഡക്‌ഷൻ കൺട്രോളർ തങ്കച്ചന്‍റെയും നേഴ്‌സായ സിനിമോളുടെയും മകളാണ് ലിയാന.’ലിയാനയെപ്പോലെ കുറേ കുട്ടികൾ മാതൃകയാകുന്നത് ഓരോ ദിവസത്തേയും അനുഭവമാണ്’. നമ്മുടെ കുട്ടികളാണ് നവകേരളത്തിന്റെ സമ്പത്തെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ദുരിതാശ്വാസ നിധി സമാഹരിക്കുന്ന ദിവസങ്ങളാണിത്. ഓരോ ദിവസവും വ്യത്യസ്തങ്ങളായ അനുഭവം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി കുട്ടികൾ എത്തുമ്പോൾ.

അത്തരത്തിൽ മനസിൽ തട്ടിയ ഒരു അനുഭവം ഇന്ന് കൊച്ചിയിൽ വച്ചുണ്ടായി. സഖാവ് എം എം ലോറൻസിന്റെ നവതി ആദര പരിപാടികൾക്കു ശേഷം മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ഒരു കൊച്ചു മിടുക്കി കാറിനടുത്തേക്ക് ഓടി വന്നത്. തന്റെ സമ്പാദ്യ കുടുക്കയിലെ പണം ദുരിതാശ്വാസ നിധിയിലേക്ക് ഏൽപ്പിക്കാനായിരുന്നു ആ കുട്ടി അത്ര നേരവും കാത്തിരുന്നത്. യാത്ര പറയാൻ തുടങ്ങിയപ്പോഴാണ് അവൾ എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത്. ‘ദാ ഇതും കൂടി ‘ എന്ന് പറഞ്ഞ് രണ്ടു കാതിലെ കമ്മലും ആ മിടുക്കി ഊരി നൽകി. ലിയാന തേജസ് എന്ന നാലാം ക്ലാസുകാരിയാണ് മനുഷ്യ സ്നേഹത്തിന്റെ വലിയ മാതൃക നമുക്ക് കാട്ടിത്തന്നത്.

ആലുവ സെന്റ്‌ ഫ്രാൻസിസ്‌ ഹൈസ്‌കൂൾ വിദ്യാർഥിനിയാണ്‌ ലിയാന. സിനിമാ പ്രൊഡക്‌ഷൻ കൺട്രോളർ തങ്കച്ചന്റെയും നേഴ്‌സായ സിനിമോളുടെയും മകളാണെന്ന് പിന്നീട് മനസിലാക്കി. ലിയാനയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ലിയാനയെപ്പോലെ കുറേ കുട്ടികൾ മാതൃകയാകുന്നത് ഓരോ ദിവസത്തേയും അനുഭവമാണ്. നമ്മുടെ കുട്ടികളാണ് നവകേരളത്തിന്റെ സമ്പത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook