കുട്ടികുറുമ്പുകളായ കുട്ടികളുടെ രസകരമായ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ സ്ഥിരമായി കാണാറുണ്ട്. റീലുകളിലൂടെ സ്ക്രാേൾ ചെയ്തു പോകുന്ന സമയത്ത് കൊച്ചു കുട്ടികളുടെ കുസൃതി നിറഞ്ഞ വീഡിയോ കാണുമ്പോൾ ലൈക്ക് കൊടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ സോഷ്യൽ മീഡിയയെ ഒരേ സമയം ചിരിപ്പിക്കുകയും പരിഭ്രാന്തരാക്കുകയും ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ഇഡ്ഡലി തട്ടിനിടയിൽ കൈപ്പെട്ടു പോയിട്ട് ഉറക്കെ കരയുകയാണ് ഒരു കൊച്ചുമിടുക്കൻ. തച്ചോളി ഒതേനൻ, ആരോമൽ ഉണ്ണിയെന്നൊക്കെയാണ് ആളുകൾ ഈ കൊച്ചുമിടുക്കനെ വിശേഷിപ്പിച്ചിരിക്കുന്നത്. യഷ് സിദ്ധാർത്ഥ എന്ന ഈ കുസൃതി കുടുക്കയുടെ കൈയിൽ നിന്ന് ഇഡ്ഡിലിതട്ട് ഊരിയെടുക്കാൻ നോക്കുന്ന അച്ഛനെയും വീഡിയോയിൽ കാണാം.
നിരവധിപേർ അവരുടെ ഇത്തരത്തിലുള്ള അനുഭവങ്ങളും കമന്റ് ബോക്സിൽ പങ്കുവച്ചിട്ടുണ്ട്. സ്കൂൾ വിട്ട് വന്നപ്പോൾ തേനീച്ച കൂട്ടിൽ കൈയ്യിട്ടതു മുതൽ വീട്ടിലും ഇതുപോലെ കുസൃതികാരനുണ്ടെന്ന അമ്മമാരുടെ അനുഭവകഥകൾ വരെ നീളുന്നു.
യഷിന്റെ കൈ ഇഡ്ഡലി തട്ടിൽ നിന്ന് ഊരിയെടുത്തത് കടവന്ത്ര ഫയർ ആൻഡ് റസ്ക്യൂ ടീമാണ്. മിടുക്കനായി ചിരിച്ചിരിക്കുന്ന യഷിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുന്നെന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്.