വത്തിക്കാന്‍ സിറ്റിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിവാര സദസില്‍ ഇത്തവണ ആകര്‍ഷണ കേന്ദ്രമായത് ഒരു കൊച്ചു ആണ്‍കുട്ടിയാണ്. കുട്ടിയുമായി മാര്‍പാപ്പ നടത്തിയ സ്നേഹസംഭാഷണം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
വേദിയിലിരിക്കുകയായിരുന്ന മാര്‍പാപ്പയുടെ അരികിലേക്ക് സദസില്നിന്നാണു കുട്ടി ഓടിയെത്തിയത്. കുട്ടിയെ ചേര്‍ത്തുനിര്‍ത്തിയ മാര്‍പാപ്പ അവനെ സ്നേഹപൂര്‍വം തലോടുന്നതും തുടര്‍ന്ന് വളരെ സ്നേഹത്തോടെ സംസാരിക്കുന്നതുമാണു വീഡിയോയിലുള്ളത്. പുഞ്ചിരിക്കുന്ന മുഖത്തോടെയാണു മാര്‍പാപ്പ കുട്ടിയുമായി സംവദിക്കുന്നത്.
അല്‍പ്പനേരം കുട്ടിയെ അടുത്തുനിര്‍ത്തിയ മാര്‍പാപ്പ അവന് ഒന്നു രണ്ടു വസ്തുക്കള്‍ സമ്മാനമായി നല്കി. കുട്ടിയെ തലോടിക്കൊണ്ടുതന്നെ സദസിലുള്ളവരോട് മാര്‍പാപ്പ മൈക്കില്‍ സംസാരിക്കുന്നതും എ ബി സി ന്യൂസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ കാണാം.
”ഹേയ്, സുഖമാണോ? എന്താണ് നിന്റെ പേര്?” മാര്‍പാപ്പ കുട്ടിയോട് ഇറ്റാലിയന്‍ ഭാഷയില്‍ ചോദിച്ചതായി ഫോക്സ് 13 റിപ്പോര്‍ട്ട് ചെയ്തു. ‘നിനക്ക് ഇവിടെ തുടരുന്നത് ഇഷ്ടമാണോ?”എന്നും അദ്ദേഹം ചോദിച്ചു.
മുതിര്‍ന്നവരും ചെറുപ്പക്കാരും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ചാണു നാം സംസാരിച്ചതെന്നു സദസിനോയി പറഞ്ഞ മാര്‍പാപ്പ, ”ഇവന് ധൈര്യശാലിയാണ്, ശാന്തനായി ഇവിടെ നില്ക്കുന്നു,” എന്നു കുട്ടിയെക്കുറിച്ച് കൂട്ടിച്ചേര്‍ത്തു.
ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം നെറ്റിസണ്‍മാരെ ആഹ്ലാദിപ്പിച്ചു. ‘സദൈവം ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുഗ്രഹിക്കട്ടെ. നിഷ്കളങ്കരായ കുട്ടികളെ നേതാക്കള്‍ ആശ്ലേഷിക്കേണ്ടത് ഇങ്ങനെയാണ്. തന്നെ മാര്‍പാപ്പ ആലിംഗനം ചെയ്തത് ആ കൊച്ചുകുട്ടി ഒരിക്കലും മറക്കില്ല ! പ്രതീകാത്മക ശിക്ഷണ നിമിഷം,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ”എന്തൊരു ശാന്തനായ കുട്ടി, അവന്റെ ശാന്തത ഞാന്‍ ഇഷ്ടപ്പെടുന്നു,”മറ്റൊരാള്‍ കുറിച്ചു.
വത്തിക്കാന്‍ സിറ്റിയിലെ പോള്‍ ആറാമന്‍ ഹാളില്‍ അടുത്തിടെ നടന്ന തന്റെ പ്രതിവാര സദസില്‍ പ്രായമായവരുമായുള്ള യുവാക്കളുടെ ബന്ധത്തെക്കുറിച്ചാണു മാര്‍പാപ്പ സംസാരിച്ചതെന്നാണു ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടി സെഷന് മുഴുവന്‍ മാര്‍പാപ്പയുടെ അരികില്‍ നില്‍ക്കുകയായിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിവാര സദസിനിടയിലെ രസകരമായ സംഭവങ്ങള്‍ ഓണ്‍ലൈനില്‍ വളരെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. കഴിഞ്ഞ വര്‍ഷം, ‘സ്പൈഡര്‍-മാന്‍’ വേഷം ധരിച്ച ഒരാള്‍ സദസിലെ വി ഐ പി വിഭാഗത്തില്‍ ഇരുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.