ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിച്ച കലാകാരന്മാര്‍ക്ക് സംവിധായകനും അഭിനേതാവുമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഐക്യദാര്‍ഢ്യം. കലാകാരന്മാര്‍ തിരസ്കരിച്ച ദേശീയ പുരസ്കാരത്തിന് ആക്രിയുടെ വില പോലും ഇല്ലെന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരിച്ചത്. രാഷ്ട്രപതിയില്‍ നിന്നും ലഭിക്കേണ്ട ദേശീയ ചലച്ചിത്ര പുരസ്കാരം കേന്ദ്രമന്ത്രി നല്‍കും എന്ന് അറിയിച്ചതാണ് ഏറെ വിവാദങ്ങള്‍ക്കും ബഹിഷ്കരണത്തിലേക്കും വഴിവെച്ചത്. പതിനൊന്ന് പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി പുരസ്കാരം നല്‍കിയത്.

ചടങ്ങ് ബഹിഷ്കരിച്ച കലാകാരന്മാരെ അപമാനിക്കപ്പെട്ട കലാകാരന്മാര്‍ എന്ന് വിശേഷിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചടങ്ങില്‍ പങ്കെടുത്തവരെയും പരോക്ഷമായ് വിമര്‍ശിക്കുന്നുണ്ട്. ‘ഏത് ഉടയതമ്പുരാന്‍ ആയാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും’ എന്ന് പറഞ്ഞ സംവിധായകന്‍ ‘സ്വര്‍ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കൂറ്റത്തിന് പടക്കം പൊട്ടുന്ന കയ്യടി’ നല്‍കുമ്പോള്‍ ജൂദാസിന്റെയും ബ്രൂട്ടസിന്റെയും ‘മുഖത്ത് കാറി നീട്ടിയൊരു തുപ്പ്‌’ എന്നും പറയുന്നു.

ഉരുക്കിന്റെ കോട്ടകളെ ഉറുമ്പുകള്‍ കുത്തി മറിക്കും എന്നും കയ്യൂക്കിന്റെ ബാബേല്‍ ഗോപുരങ്ങള്‍ പൊടിപോടിയായ് തകര്‍ന്നമരും എന്നും പറഞ്ഞു കൊണ്ടാണ് ലിജോ തന്റെ ഐക്യദാര്‍ഢ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകന്‍ കലാകാരന്മാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്.

അറുപത്തിയഞ്ചോളം കലാകാരന്മാരാണ് പ്രതിഷേധത്തെ തുടര്‍ന്ന് ചടങ്ങ് ബഹിഷ്കരിച്ചത്. ഗായകന്‍ യേശുദാസ്, സംവിധായകന്‍ ജയരാജ്, ഛായാഗ്രാഹകന്‍ നിഖില്‍ എസ് പ്രവീണ്‍ എന്നിവര്‍ മാത്രമാണ് മലയാളികളില്‍ പുരസ്കാരം സ്വീകരിച്ചത്. ഫഹദ് ഫാസിലും പാര്‍വതിയുമടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം :

കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം . ഏത് ഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും.

പടക്കം പൊട്ടുന്ന കയ്യടി
സ്വർണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന് .കാറി നീട്ടിയൊരു തുപ്പ്
മേൽ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത് .

ഉരുക്കിന്റെ കോട്ടകൾ ,
ഉറുമ്പുകൾ കുത്തി മറിക്കും .
കയ്യൂക്കിൻ ബാബേൽ ഗോപുരം ,
പൊടിപൊടിയായ് തകർന്നമരും .

അപമാനിക്കപ്പെട്ട കലാകാരന്മാർക്ക്
ഐക്യദാർഢ്യം .

പിഎഫ് മാത്യൂസ് തിരകഥഎഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ. മാ. യൗ നാളെയാണ് റിലീസ് ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook