വീട്ടിലെ ആഘോഷങ്ങള്‍ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് നമ്മളെല്ലാം. എന്നാല്‍, സ്വന്തം മരണാനന്തര ചടങ്ങുകളില്‍ എങ്ങനെ പുതുമ കൊണ്ടുവരാമെന്ന് ചിന്തിക്കുന്നവര്‍ വിരളമാണ്. അതുകൊണ്ടാണ് ഷായ് ബ്രാഡ്‌ലിയുടെ സംസ്‌കാര ചടങ്ങുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

സ്വന്തം മരണവും ആഘോഷമാക്കിയിരിക്കുകയാണ് അയര്‍ലന്‍ഡുകാരനായ ഷായ് ബ്രാഡ്‌ലി. ശവസംസ്‌കാര ചടങ്ങുകളുടെ അവസാനത്തിലാണ് എല്ലാവരെയും ഞെട്ടിപ്പിച്ച സംഭവം നടക്കുന്നത്. അടക്കം ചെയ്യാനായി ശവപ്പെട്ടി കല്ലറയിലേക്ക് വച്ചപ്പോള്‍ അതില്‍ നിന്ന് ശബ്ദം പുറത്തുവരാന്‍ തുടങ്ങി ‘ഹലോ, എന്നെ തുറന്നുവിടൂ’ എന്നായിരുന്നു ശബ്ദം. ശവപ്പെട്ടിയില്‍ ശക്തിയായി തട്ടുന്ന ശബ്ദവും കൂടിനിന്നവര്‍ കേട്ടു. ആദ്യം എല്ലാവരുമൊന്ന് അമ്പരന്നു.

ശവപ്പെട്ടിയില്‍ നിന്നുള്ള സംസാരം തുടര്‍ന്നു ‘ഹലോ, ഞാന്‍ എവിടെയാണ്? എന്നെ തുറന്നുവിടൂ, എന്നെ തുറന്നുവിടൂ. ഇവിടെയാകെ ഇരുട്ടാണ്. ഇവിടെ നില്‍ക്കുന്ന പുരോഹിതന് എന്നെ കേള്‍ക്കാന്‍ സാധിക്കുമോ? ഞാന്‍ ഷായിയാണ്. ഞാനീ പെട്ടിയിലുണ്ട്. ഞാന്‍ മരിച്ചു.’ ഇതിനു ശേഷം വീണ്ടും ശവപ്പെട്ടിയില്‍ തട്ടുന്നത് തുടര്‍ന്നു. വീണ്ടും ശവപ്പെട്ടിയില്‍ നിന്ന് ‘ഹലോ’ എന്ന് കേള്‍ക്കാന്‍ തുടങ്ങി. ‘ഹലോ ഹലോ…ഞാന്‍ നിങ്ങളോട് യാത്ര പറയാന്‍ വന്നതാണ്.’ ശബ്ദം അവസാനിച്ചു.

ശവപ്പെട്ടിയില്‍ നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ചുറ്റിലും കൂടി നിന്നവര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് എല്ലാവരും ചിരിക്കാന്‍ തുടങ്ങി. മരണശേഷം മറ്റുള്ളവര്‍ വളരെ സന്തോഷത്തോടെ തന്നെ യാത്രയാക്കണമെന്ന ഷായിയുടെ ആഗ്രഹമാണ് ശവപ്പെട്ടിയില്‍ നിന്നുവന്ന ശബ്ദത്തിന് കാരണം. മരണശേഷം ശവപ്പെട്ടിയില്‍ അദ്ദേഹത്തിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് വച്ചതാണ്. ഷായിയുടെ മകള്‍ ആന്‍ഡ്രിയയാണ് ഇത് ചെയ്തത്. പിന്നീട് ആന്‍ഡ്രിയ തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലി ഏറെ നാളായി അസുഖബാധിതനായിരുന്നു. അയർലൻഡിലെ കിൽമാനാഗിലെ ഒരു പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഒക്‌ടോബർ എട്ടിനാണ് ഷായി മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook