വനത്തിലെ മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നതും അതുമൂലം മനുഷ്യര്‍ നേരിടുന്ന വെല്ലുവിളികളും ഏറെ നാളായി ചര്‍ച്ചയാണ്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം രാത്രി തെരുവു നായയെ പുലി പിടികൂടുന്ന ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നായയുടെ തൊട്ടടുത്ത് തന്നെ ഒരു യുവാവ് ഉറങ്ങുന്നുമുണ്ടായിരുന്നു. പുലി നായയെ പിടിക്കുന്ന ശബ്ദം കേട്ട് യുവാവ് ഞെട്ടി ഉണരുന്നതും വീഡിയോയില്‍ കാണാം.
ആര്‍ ഇ എസ് ക്യു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫൗണ്ടറായ നേഹ പഞ്ചമിയയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കട്ടിലിലില്‍ യുവാവ് ഉറങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. നിരവധി ട്രക്കുകളും സമീപത്തായി പാര്‍ക്ക് ചെയ്തിരിക്കുന്നതും കാണാം. എന്നാല്‍ വാഹനങ്ങള്‍ക്കിടയില്‍ നിന്ന് പുള്ളിപ്പുലി എത്തുകയാണ്.
പുള്ളിപ്പുലി എത്തുന്നത് അറിയാത് നല്ല ഉറക്കത്തിലാണ് നായ. പതിയെ അരികിലെത്തിയ പുലി ഉടന്‍ തന്നെ നായയുടെ കഴുത്തില്‍ പിടുത്തമിട്ടു. ഉടന്‍ തന്നെ നായയും വലിച്ചുകൊണ്ട് സ്ഥലം വിടുകയും ചെയ്തു. നായയുടെ ശബ്ദം കേട്ടിട്ടാവണം യുവാവ് ഞെട്ടി എഴുന്നേറ്റത്. വളരെ ആശ്ചര്യത്തോടെയും ഭയത്തോടെയും പുലിയെ നോക്കുന്ന യുവാവിനെയാണ് കാണുന്നത്.
യുവാവിന്റെ പ്രതികരണം നെറ്റിസണ്‍സിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അല്ലെങ്കില്‍ യുവാവ് പുലിയുടെ വായിലായേനെ എന്ന് ചിലര്‍ കുറിച്ചു. എന്നാല്‍ നായക്ക് അപകടം മണത്തറിയാനുള്ള കഴിവ് നഷ്ടമായെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടു.