തിരക്കേറിയ നഗരവീഥികളിലൂടെ കാറോടിച്ചു പോകുമ്പോൾ ഒരു സിംഹം കുറുകെ ചാടിയാലോ? അപ്രതീക്ഷികമായി കാറിനു മുന്നിലേക്ക് ചാടി വീണ ഒരു സിംഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് കുവൈറ്റ് ലൈവ്‌സ്റ്റോക് അധികൃതരാണ് .
കുവൈറ്റിലെ കബാദ് ജില്ലയിലെ റസിഡൻഷ്യൽ ഏരിയയിലാണ് കഴിഞ്ഞ ദിവസം സിംഹത്തെ കണ്ടത്. ആരോ രഹസ്യമായി വീട്ടിൽ വളർത്തുന്ന സിംഹമായിരിക്കാം രക്ഷപ്പെട്ടു റോഡിലേക്കിറങ്ങിയത് എന്നാണ് കുവൈറ്റ് ലൈവ്സ്റ്റോക്ക് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടറൽ ജനറൽ അലി അൽ- ഗട്ടാൻ പറയുന്നത്.
സിംഹം റോഡിലിറങ്ങി യാത്രക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന വിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തിയ അൽ നജ്ദ പോലീസും എന്‍വയോണ്‍മെന്റ് പോലീസും ചേർന്ന് സിംഹത്തെ പിടികൂടി. മയക്കുവെടി വച്ച് മയക്കിയ സിംഹത്തെ വൈകാതെ മൃഗശാലയ്ക്ക് കൈമാറുകയും ചെയ്തു.
വീടിനകത്ത് വന്യമൃഗങ്ങളെ വളര്‍ത്തുന്നത് നിയമവിരുദ്ധവും മൂന്നുവര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റവുമാണ്. സിംഹത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികാരികളെന്ന് കുവൈറ്റ് ലൈവ്സ്റ്റോക്ക് അതോറിറ്റി അധികൃതർ പറഞ്ഞു.