അങ്കമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എ ‘കുമ്മനടിക്കാൻ’ ശ്രമിച്ചുവെന്ന തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നാട മുറിച്ച് ഉദ്ഘാടനം നിർവഹിക്കാൻ ശ്രമിച്ച മമ്മൂട്ടിയില്‍നിന്ന് എല്‍ദോസ് കുന്നപ്പള്ളി കത്രിക വാങ്ങാന്‍ ശ്രമിച്ചെന്നും നടൻ എം എല്‍ എയോട് മമ്മൂട്ടി ദേഷ്യപ്പെട്ടുവെന്നുമാണ് സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചത്.
എല്‍ദോസ് കുന്നപ്പള്ളി കത്രിക തൊടാൻ ശ്രമിക്കുന്നതും മമ്മൂട്ടി അദ്ദേഹത്തിനുനേരെ കത്രിക നീട്ടുന്നതും വീഡിയോയിൽ കാണാം. എന്നാൽ സംഭവിച്ചതെന്തെന്നു വിശദീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ വന്ന പരിഹാസങ്ങള്‍ക്കു മറുപടി പറയുകയാണ് എം എൽ എ.
ചടങ്ങിന്റെ വിഡിയോ പങ്കിട്ട് കുമ്മനടിച്ചത് താനല്ലെന്നും എല്‍ദോസ് കുന്നപ്പള്ളി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് എം എല്‍ എയുടെ പ്രതികരണം.
മൊത്തം ഷോറൂമിന്റെ ഉദ്ഘാടനം മമ്മൂട്ടിയാണു നിർവഹിച്ചത്. ഇതിനുശേഷം, മുകളിലെ നിലയിലെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്ന ഉത്തരവാദിത്തം തനിക്കായിരുന്നു. താൻ അതിനായി പോയപ്പോള്‍ മമ്മൂട്ടി എത്തുകയായിരുന്നു.
ഈ സമയം ഇതിന്റെ ഉദ്ഘാടകന്‍ എം എല്‍ എയാണെന്ന് കടയുടമ പറയുകയും ചെയ്തു. മമ്മൂട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എല്‍ എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാല്‍ താന്‍ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് പറയുകയും ഞാന്‍ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു.
നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കത്രിക ഞാന്‍ വാങ്ങി നല്‍കുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നല്‍കുന്നതു ശരിയായ നടപടിയല്ലെന്നും എല്‍ദോസ് കുന്നപ്പള്ളി കുറിച്ചു.