/indian-express-malayalam/media/media_files/xmlWG848uvutDmMw9MCP.jpg)
Trending: കഴിഞ്ഞ ഏതാനും ദിവങ്ങളായി വാർത്തകളിൽ നിറയുകയാണ് ഹൈദരാബാദിലെ ദുർഗം ചെരുവ് പാലത്തിന് സമീപമുള്ള കുമാരി ആന്റിയുടെ തട്ട് കട. ഫുഡ് വ്ലോഗർമാർക്ക് ഏറെ പ്രിയപ്പെട്ട ഇടം. സാധാരണയായി ഉച്ച ഭക്ഷണ സമയത്ത് ഇവിടം സന്ദർശിക്കുന്ന ഫുഡ് വ്ലോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനും ഇടയിൽ ഈ ഫുഡ് സ്റ്റാൾ വളരെ ജനപ്രിയമാണ്.
ഇരുനൂറോളം വരുന്ന ഫുഡ് വ്ലോഗർമാർ ഉച്ചക്ക് 12 മുതൽ 2 മണി വരെയുള്ള സമയത്ത് ഇവിടെ അവരുടെ വീഡിയോ ഷൂട്ട് ചെയ്യാൻ വരുന്നുണ്ട്. അവരുടെ വണ്ടികൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം. ഇത് കാരണം ആ പ്രദേശത്തെ ട്രാഫിക് ബാധിക്കപ്പെടുന്നു എന്ന് കാണിച്ച് 'കുമാരി ഫുഡ് സ്റ്റാൾ' അടച്ചിടാൻ ജനുവരി 30 നാണു ഹൈദരാബാദ് പോലീസ് തീരുമാനിച്ചത്.
ഈ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. കുമാരിയുടെ ജനപ്രിയ ഭക്ഷണശാല ഒഴിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കാൻ സൈബരാബാദ് ട്രാഫിക് പോലീസിനോട് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നിർദ്ദേശം നൽകി. അതേ സ്ഥലത്ത് തന്നെ ഭക്ഷണശാല തുടരാം എന്ന് ഉറപ്പും നൽകി.
അടുത്ത ദിവസങ്ങളിൽ തന്നെ മുഖ്യമന്ത്രി 'കുമാരി ഫുഡ് സ്റ്റാൾ' സന്ദർശിക്കും എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞതായി 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു.
സായ് കുമാരി കഴിഞ്ഞ 13 വർഷങ്ങളായി തന്റെ ഭക്ഷണ സംരംഭം നടത്തി വരുന്നു. നോൺ വെജ് വിഭവങ്ങൾ ചേർന്ന ഊണ് (നോൺ വെജ് താലി), അതും താങ്ങാവുന്ന വിലയിൽ എന്നതാണ് 'കുമാരി ഫുഡ് സ്റ്റാളിന്റെ' പ്രത്യേകത. ചിക്കനും മട്ടൺ കറിയും മറ്റ് നിരവധി നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും, നാല് തരം ചോറിനൊപ്പം കിട്ടും എന്നതാണ് ഹൈലൈറ്റ്.
വിഷയത്തിന്റെ രാഷ്ട്രീയ വഴികൾ
ആന്ധ്രാപ്രദേശിലെ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപി സർക്കാർ, പ്രതിപക്ഷ നേതാവ് നാരാ ചന്ദ്രബാബു നായിഡുവിനും ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാണിനും ഭക്ഷണ സ്റ്റാൾ അടച്ചുപൂട്ടുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചതോടെ വിഷയത്തിനു ഒരു രാഷ്ട്രീയ മാനം കൈവന്നു.
ജഗൻ റെഡ്ഡി സർക്കാർ 'കുമാരി ആന്റി' ഫുഡ് സ്റ്റാളിന്റെ ഉടമ സായ് കുമാരിക്ക് ഒരു വീട് കൈമാറിയതിന് ശേഷമാണ് ഈ സംഭവം നടന്നതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം X-ൽ വൈഎസ്ആർസിപിഅവകാശപ്പെട്ടു. ആന്ധ്രയിലെ ഗുഡിവാഡ സ്വദേശിയാണ് സായ് കുമാരി.
എന്നാൽ കടയിലെ മുന്നിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് യാത്രക്കാരുടെ ഭാഗത്ത് നിന്ന് വന്ന നിരവധി പരാതികളാണ് തങ്ങളുടെ ഇടപെടലിലേക്ക് നയിച്ചതെന്ന് ഹൈദരാബാദ് പോലീസ് പറഞ്ഞു.
മുഖ്യമന്ത്രി മാത്രമല്ല, അനേകം സെലിബ്രിറ്റികളും ഇവർക്ക് പിന്തുണയും സഹായവും അറിയിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us