റോയല്‍ എന്‍ഫീല്‍ഡിന്റെ 750 സിസി എഞ്ചിന്‍ ക്ഷമതയുളള ഏറ്റവും പുതിയ മോഡലാണ് പി 61. ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണ ഓട്ടം തുടരുന്ന വാഹനം 2018 ഓടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇതിനകം തന്നെ റോയല്‍ എന്‍ഫീല്‍ഡിന്റെ 750 മോഡലിന്റെ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.

ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. അക്ഷയ് എന്നയാള്‍ യൂട്യൂബില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ റോയല്‍ എന്‍ഫീല്‍ഡ് 750യെ റോഡില്‍ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കുന്ന കെടിഎം ഡ്യൂക്ക് 390യുടെ വിഫലമായ ശ്രമമാണ് കാണാനാവുക. മണിക്കൂറില്‍ 155 കി.മി. വേഗതയില്‍ വണ്ടി ഓടിച്ചിട്ടും റോയല്‍ എന്‍ഫീല്‍ഡിന്റെ അടുത്തെത്താന്‍ ഡ്യൂക്കിന് സാധിക്കുന്നില്ല.

ട്രാഫിക് കാരണം റോയല്‍ എന്‍ഫീല്‍ഡ് വേഗത കുറച്ചപ്പോള്‍ മാത്രമാണ് ഡ്യൂക്ക് 390 റൈഡര്‍ക്ക് ബുളളറ്റിന്റെ അല്‍പമെങ്കിലും അടുത്തെത്താന്‍ സാധിച്ചത്. അതായത് മണിക്കൂറില്‍ 160 കി.മി വേഗതയില്‍ എങ്കിലും ആയിരിക്കണം റോയല്‍ എന്‍ഫീല്‍ഡിന്റെ വേഗത. വേഗതയുടെ കാര്യത്തില്‍ എന്‍ഫീല്‍ഡ് എന്നും പിറകിലാണെന്ന പഴിചാരലിനാണ് പുതിയ വീഡിയോ അപവാദമാകുന്നത്. ചെന്നൈയില്‍ നിന്ന് ഏപ്രില്‍ മാസമാണ് വീഡിയോ പകര്‍ത്തിയതെന്നാണ് സൂചന.

പുറത്തിറങ്ങാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് 750 ഇരട്ട സിലിണ്ടറും കൂടുതല്‍ എഞ്ചിന്‍ ക്ഷമതയോടും കൂടിയാണ് വരുന്നത്. കോണ്ടിനന്റല്‍ ജിടിയുടെ മോഡിഫൈഡ് ചെയ്ത വേര്‍ഷന്‍ പോലെയാണ് പുതിയ ബൈക്കിന്റെ മുഖച്ഛായ. 350, 500 എഞ്ചിന്‍ ക്ഷമതയില്‍ മാത്രമാണ് റോയല്‍ എന്‍ഫീല്‍ഡ് നിലവില്‍ ബൈക്കുകള്‍ പുറത്തിറക്കുന്നത്. 750 സിസി വരുന്നതോടെ വിപണിയില്‍ കൂടുതല്‍ നിലയുറപ്പിക്കാന്‍ എന്‍ഫീല്‍ഡിനാകും. മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ