ആലപ്പുഴ: ആലപ്പുഴയിലെ കെഎസ്‌യു സംസ്ഥാന കണ്‍വന്‍ഷനിലെ സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിക്കുന്നു. കെഎസ്‍യു പ്രവര്‍ത്തകരോട് നേതാക്കള്‍ ഓടരുതെന്ന് ആവശ്യപ്പെടുന്ന വീഡിയോ ആണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കൊടിക്കുന്നില്‍ സുരേഷ് എംപി സംസാരിച്ച് കൊണ്ടിരിക്കെയാണ് വേദിക്ക് പുറത്ത് സംഘര്‍ഷം നടന്നത്. തുടര്‍ന്നാണ് ‘കെഎസ്‍യു പ്രവര്‍ത്തകര്‍ ഓടരുതെന്നും, യാതൊന്നും സംഭവിച്ചിട്ടില്ലെന്നും’ അണികളോട് നേതാക്കള്‍ മൈക്കിലൂടെ വിളിച്ചു പറയുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് കെഎസ്‍യു സംസ്ഥാന കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചു. കെഎസ്‌യു- ഡിവൈഎഫ്‌ഐ സംഘര്‍ഷം നടക്കുന്ന പശ്ചാത്തലത്തിലാണ് കണ്‍വന്‍ഷന്‍ റദ്ദാക്കാനുള്ള തീരുമാനം. ആലപ്പുഴ നഗരത്തില്‍ ഉച്ചവരെ സിപിഎമ്മും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ആലപ്പുഴ നഗരത്തില്‍ നടന്ന കെ.എസ്.യു സംസ്ഥാന സമ്മേളനത്തിനിടെയാണ് ഇന്നലെ സംഘര്‍ഷം ഉണ്ടായത്. കല്ലേറിലും ലാത്തിച്ചാര്‍ജിലും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.

കെ.എസ്.യു സംഘടിപ്പിച്ച സമര കാഹളം പരിപാടിയുടെ ഭാഗമായി പ്രകടനത്തിനിടെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടി തോരണങ്ങള്‍ം നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു സംഘര്‍ഷത്തിന് തുടക്കം. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ കാര്‍ അക്രമികള്‍ അടിച്ചുതര്‍ത്തു. കെ.എസ്.യു പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിനു നേര്‍ക്കും ആക്രമണമുണ്ടായി.

കെ.എസ്.യുവിന്റെ കൊടിതോരണങ്ങളും സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. കെ.എസ്.യു സമ്മേളനം നടക്കേണ്ട വേദിയും അലങ്കോലമാക്കി. ഇതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. കെ.എസ്.യു സമ്മേളനം നടന്ന വെള്ളക്കിണറിന് സമീപത്തുനിന്ന് തുടങ്ങിയ സംഘര്‍ഷമാണ് നഗരത്തിലേക്ക് വ്യാപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ