ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയുടെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. പെരുമ്പാവൂരില്‍ റോങ് സൈഡ് കയറി വന്ന ബസ്സിന് മുമ്പില്‍ സ്കൂട്ടര്‍ നിര്‍ത്തിയിട്ട് വഴി മാറിക്കൊടുക്കാത്ത പെണ്‍കുട്ടിക്ക് പിന്തുണയും വിമര്‍ശനങ്ങളും ഒരുപോലെ വന്നത് ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴും ആ പെണ്‍കുട്ടി ചെയ്തത് ശരിയാണോ തെറ്റാണോ എന്ന ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
എന്നാല്‍ താന്‍ കെഎസ്ആര്‍ടിസിയെ ചട്ടം പഠിപ്പിക്കാന്‍ പോയതല്ല, മറിച്ച് ബസിന് മുന്പില് പെട്ടുപോയതാണ് എന്നാണ് പെരുമ്പാവൂര്‍ സ്വദേശിയായ സൂര്യയുടെ വിശദീകരണം.
“വൈകുന്നരം ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. നല്ല തിരക്കുള്ള സമയമായിരുന്നു, ചെറിയ റോഡും. പെരുമ്പാവൂര്‍ എംസി റോഡ് അല്ല, അതിനടുത്തുള്ള ഉള്‍വഴിയിലൂടെയാണ് പോയിരുന്നത്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുകയായിരുന്നു. എന്റെ തൊട്ട് മുന്പില് ഒരു വാഹനം ഉണ്ടായിരുന്നു. അതിന്റെ ഡ്രൈവര്‍ ഇന്‍ഡിക്കേറ്റര്‍ എടുത്ത് വലത് വശത്തുള്ള ഒരു ഇടറോഡിലേക്ക് അത് കയറിപ്പോയത്. ആ വാഹനം പോയി കഴിഞ്ഞ് മുന്പില് നോക്കുമ്പോള്‍ കാണുന്നത് കെഎസ്ആര്‍ടിസിയാണ്. പെട്ടന്ന് എന്ത് ചെയ്യണമെന്നറിയാതെ പകച്ച അവസ്ഥയിലായി ഞാന്‍. ചുറ്റിനും നോക്കി നിന്നൊന്നുമില്ല. എന്റെ ശ്രദ്ധമുഴുവന്‍ മുന്നിലുള്ള വണ്ടിയിയില് ആയിരുന്നു. പക്ഷെ ബസ്സിന്റെ ഡ്രൈവര്‍ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് അപ്പോള്‍ തന്നെ വണ്ടിയെടുത്ത് മാറ്റിപ്പോയി,” സൂര്യ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
“അവര്‍ വലിയ വണ്ടി ഓടിക്കുന്ന ആളുകളല്ലേ, എന്തു ചെയ്യണമെന്നൊക്കെ കൃത്യമായി അറിയാമല്ലോ. ഞാനും വണ്ടിയെടുത്ത് പോന്നു. ആ പ്രശ്നം അവിടെ തീര്‍ന്നിരുന്നു. ബസിലുണ്ടായിരുന്ന പലരും കരുതിയത് ഞാന്‍ മനഃപൂര്‍വ്വം നിര്‍ത്തിയിട്ടതാണെന്നാണ്. കുറേ പേര് കലക്കി എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. എങ്ങനെയെങ്കിലും വീട്ടില്‍ എത്തണം എന്നായിരുന്നു ചിന്ത. റോഡില്‍ സംഭവം കണ്ടുകൊണ്ട് നിന്ന ഒരാളും പറയില്ല ഞാന്‍ അവിടെ മനഃപൂര്‍വ്വം നിര്‍ത്തിയിട്ടതാണെന്ന്. പക്ഷെ ചില മാധ്യമങ്ങളിലൊക്കെ ദൃക്സാക്ഷി എന്ന് പറഞ്ഞ് ഒരാള്‍ ഞാന്‍ എന്തോ അഹങ്കാരം കാണിച്ചു എന്ന് പറഞ്ഞതായി കണ്ടു, നമ്മള് അങ്ങനൊരു മൈന്‍ഡ് ഉള്ള ആളൊന്നും അല്ല,” സൂര്യ പറഞ്ഞു.
When you are RIGHT it gives you a very different kind of MIGHT. See Joe a lady rider down South doesn’t budge an inch to give in to an erring Bus Driver. Kudos to her. @TheBikerni @IndiaWima @UrvashiPatole @utterflea @anandmahindra @mishramugdha #GirlPower #BikerLife #BikerGirl pic.twitter.com/3RkkUr4XdG
— TheGhostRider31 (@TheGhostRider31) September 25, 2019
സംഭവം കഴിഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതെന്ന് സൂര്യ പറയുന്നു.
“വീഡിയോ കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ഇത് ഞാനാണോ എന്നാണ് ആദ്യം ചിന്തിച്ചത്. ഇത് ഇത്രേം വലിയൊരു സംഭവമായോ എന്നൊക്കെ ഓര്‍ത്തു. ആ വീഡിയോ കാണുന്ന ഒരു സെക്കന്‍ഡ് ആര്‍ക്കും തോന്നും ഞാന്‍ കരുതിക്കൂട്ടി നിര്‍ത്തിയതാണെന്ന്. ഞാന്‍ സത്യത്തില്‍ റിലേ പോയി നിന്നതാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ചു പോയതാണ്. അല്ലാതെ കെഎസ്ആര്‍ടിസിയെ ചട്ടം പഠിപ്പിക്കാന്‍ പോയതൊന്നുമല്ല.”
“ഞാന്‍ സോഷ്യല്‍ മീഡിയയിലൊന്നും ഇല്ല. ആളുകള്‍ വിളിച്ച് പറയുമ്പോളാണ് അറിയുന്നത്. വിമര്‍ശനങ്ങളോടൊന്നും പരാതിയില്ല. അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാട്. എല്ലാവരേയും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നമുക്കാവില്ലല്ലോ. പിന്നെ കാര്യമന്വേഷിച്ച് വിളിക്കുന്നവരോട് സംഭവിച്ചതെന്താണെന്ന് നമുക്ക് പറയാം. അത്രേയുള്ളൂ. നിനക്ക് ഇത്രേം ധൈര്യമുണ്ടോ എന്നൊക്കെ പലരും ചോദിച്ചു. എന്ത് ചെയ്യാനാ, സംഭവിച്ച് പോയില്ലേ. എനിക്ക് ഇതൊന്നും പറഞ്ഞ് തര്‍ക്കിക്കാന്‍ വയ്യ. എന്തായാലും എല്ലാവരും ഇത് അറിഞ്ഞതില്‍ സന്തോഷമുണ്ട്. അല്ലാതെ നമ്മളെ കുറിച്ചൊക്കെ ജന്മത്ത് ആരെങ്കിലും അറിയുമോ,” ചിരിച്ചു കൊണ്ട് സൂര്യ പറയുന്നു.
Read More: ‘കയ്യടിക്കെടാ…’; റോങ് സൈഡ് വന്ന ബസിന് എട്ടിന്റെ പണി കൊടുത്ത് യുവതി
തന്റെ അവസ്ഥ മനസിലാക്കി ബസ് സൈഡെടുത്ത് മാറിപ്പോയ ബസ് ഡ്രൈവര്‍ക്കും സൂര്യ നന്ദി പറഞ്ഞു. കാര്യങ്ങള്‍ മനസിലാക്കാതെയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്ന വാക്പോര് എന്നും സൂര്യ പറയുന്നു.
ഇതിന്റെ വീഡിയോ നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ളവർ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. ‘കയ്യടിക്കെടാ’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുള്ളത്. ദൃശ്യങ്ങൾ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.