ചൊവ്വാഴ്ച പുലര്‍ച്ചെ തോരാതെ പെയ്യുന്ന മഴയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് കോഴിക്കോടുള്ള ഇഖ്റ ആശുപത്രിയിലേക്ക ചീറിപാഞ്ഞെത്തി. ബസിന്റെ വരവു കണ്ട് ആശുപത്രിയിലുണ്ടായിരുന്നു ഭൂരിഭാഗം ആളുകളും ഓടിയെത്തി. ബസില്‍ നിന്ന് ഒരു വയോധികനെ ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് സ്ട്രെച്ചര്‍ കൊണ്ടുപൊകുന്നതാണ് പിന്നീട് കണ്ടത്.
ഇനിനമുക്ക് ഫ്ലാഷ്ബാക്കിലേക്ക് പോകാം. മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറുപ്പെട്ട ബസില്‍ വച്ചായിരുന്നു വയോധികന് കുഴഞ്ഞു വീണത്. ബസിലുണ്ടായിരുന്നു ഡോക്ടര്‍ അതിവേഗം ആശുപത്രിയിലേക്ക് പോകണമെന്ന നിര്‍ദേശമാണ് ഡ്രൈവര്‍ എം പി രമേശിന് നല്‍കിയത്. രമേശ് പിന്നെയൊന്നും നോക്കിയില്ല.
ബസ് പൂളാടിക്കുന്ന് എത്തിയപ്പോള്‍ റൂട്ട് മാറ്റി മലാപ്പറമ്പ് ബൈപ്പാസ് പിടിച്ചു. ലൈറ്റിട്ടെത്തിയ കെഎസ്ആര്‍ടിസിയുടെ വരവ് കണ്ട് കാഴ്ചക്കാരൊക്കെ ആശ്ചര്യപ്പെട്ടിട്ടുണ്ടാകണം. ഏറ്റവും അടുത്ത ആശുപത്രിയായ ഇഖ്റയിലേക്കുള്ള കുതിപ്പായിരുന്നു അത്. കൃത്യസമയത്ത് വയോധികനെ ആശുപത്രിയിലെത്തിക്കാനുമായി.
ഇവിടെ അവസാനിച്ചില്ല രമേശിന്റെയും കണ്ടക്ടര്‍ പ്രസാദിന്റെയും ഇടപെടലുകള്‍. യാത്രക്കാരെ എത്തിക്കേണ്ടിടത്ത് എത്തിച്ചതിന് ശേഷം ആശുപത്രിയിലെത്തി വയോധികന്റെ ആരോഗ്യനിലയെ പറ്റി അന്വേഷിക്കുകയും ചെയ്തു. വയോധികന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചതിന്റെ സംതൃപ്തി ഇരുവരുടേയും മുഖത്ത് പ്രകടമായിരുന്നു.
സംഭവം അവിടെയൊന്നും നിന്നില്ല. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും താരമാണ് കെഎസ്ആര്‍ടിസി ബസും ജീവനക്കാരും. കോഴിക്കോട് കെഎസ്ആര്‍ടിസി പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്. കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും അഭിനന്ദന പ്രവാഹവും.