‘മായാനദി’ സിനിമയിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന ശബരീനാഥൻ എംഎഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ ട്രോളി സോഷ്യൽ മീഡിയ. ആഷിക് അബു സംവിധാനം ചെയ്ത ‘മായാനദി’ കണ്ടുവെന്നും ടൊവിനോയുടെയും ഐശ്വര്യയുടേയും അഭിനയം കൊള്ളാം എന്നും അരുവിക്കര എംഎല്‍എ ശബരിനാഥന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അതിനോടൊപ്പം സിനിമയില്‍ തനിക്കു സ്ത്രീവിരുദ്ധമെന്നു തോന്നിയ ഒരു രംഗത്തെക്കുറിച്ചും ശബരിനാഥന്‍ പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശമാണ് ‘മായാനദി’ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ശബരിനാഥന് പലവിധത്തിലുള്ള മറുപടികളാണ് അവര്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ചിലര്‍ നിലപാടുകള്‍ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ കളിയാക്കുകയും ചെയ്യുന്നുണ്ട്.
സ്ത്രീവിരുദ്ധത കാണിക്കുന്നതും സ്ത്രീവിരുദ്ധതയെ മഹത്വവത്കരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും, സിനിമയിലെ ആ പ്രത്യേക രംഗം കണ്ടപ്പോള്‍ അതു നന്നായെന്നു പറഞ്ഞ് ആരും തിയേറ്ററില്‍ എഴുന്നേറ്റു നിന്ന് കൈയ്യടിച്ചില്ലെന്നും തുടങ്ങിയുള്ള മറുപടികള്‍ പോസ്റ്റിനു താഴെയുണ്ട്. ശബരീനാഥനെ പരിഹസിച്ചുകൊണ്ടും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അറിയാവുന്ന പണിക്കു പോയാല്‍ പോരേ, ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ, പാർവതിയെ കാണിക്കൂ സ്ത്രീവിരുദ്ധത ചർച്ചയായിക്കോളും, ഇതൊരു മാതിരി ചിന്തേടെ ജിമിക്കിക്കമ്മല് പോലായി… എന്നെല്ലാമാണ് പരിഹാസങ്ങള്‍. ചേട്ടാ ഈ പോസ്റ്റ് വളച്ചൊടിച്ച് ടൊവിനോ ഫാൻസ് ട്രോളി ഒരു പരുവമാക്കും… എന്ന് മുന്നറിയിപ്പ് നൽകിയവരുമുണ്ട്.
ശബരീനാഥന്‍റെ കുറിപ്പ് ഇങ്ങനെ.
ഇന്ന് ഏരീസില്‍ പോയി മായാനദി കണ്ടു. നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടൊവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ. നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്ലൈറ്റില്‍ പെണ്‍സുഹൃത്ത് തന്‍റെ സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്നു.
സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ? പക്ഷേ നിര്‍ഭാഗ്യവശാല്‍ നദിപോലെ ഒഴുകിയ ഓണ്‍ലൈന്‍ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല! സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം. അതില്‍ നമ്മള്‍ സൗകര്യപൂര്‍വം സെലക്ടീവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.