ഒരു ആശംസാ വീഡിയോയ്ക്ക് പോലും പണം ചോദിക്കുന്ന കാലത്ത്, ഇങ്ങനെ ഒരു സ്നേഹസ്‌പർശം!

ഈ ഓണക്കാലത്ത് ഒരു പാട് വലിയ മനസ്സുള്ളവരെ കണ്ടു. മറ്റുള്ളവനോടോപ്പം, ദുഃഖിക്കുന്നവനോടൊപ്പം നിൽക്കാൻ കാണിക്കുന്ന സന്മനസ്സ് കണ്ടു. ബോധ്യപ്പെട്ടു

KS Chithra, Chithra, Mala Parvathy, Mala Parvathi, Snehasparsam, കെഎസ് ചിത്ര, മാല പാർവതി, സ്നേഹസ്പർശം, ie malayalam, ഐഇ മലയാളം

ഗായിക എന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യ സ്നേഹിയെന്ന നിലയിൽ കൂടി വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കെ എസ് ചിത്ര. കാരുണ്യ പ്രവർത്തനങ്ങൾക്കായി കെഎസ് ചിത്ര സ്വന്തം പ്രതിഫലത്തുകയായ 25 ലക്ഷം രൂപ മാറ്റി വച്ചതിനെക്കുറിച്ചുള്ള ഒരു അനുഭവക്കുറിപ്പ് പങ്കുവയ്ക്കുകയാണ് മാധ്യമപ്രവർത്തകയും അഭിനേത്രിയുമായ മാല പാർവതി.

മീഡിയ വൺ ടെലിവിഷൻ ചാനലിലെ ‘സ്നേഹസ്പർശം’ എന്ന പരിപാടി അവതരിപ്പിക്കുന്നത് കെഎസ് ചിത്രയാണ്. ഈ പരിപാടിയുടെ നിരവധി എപ്പിസോഡുകൾ പിന്നിട്ടെങ്കിലും അവയിലൊന്നിലും അവതാരക എന്ന നിലയിൽ ചിത്ര പ്രതിഫലം വാങ്ങിയിരുന്നില്ലെന്നും ഇങ്ങനെ അവർ വേണ്ടെന്നു വച്ച ആകെ പ്രതിഫല തുകയായ 25 ലക്ഷം രൂപ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് വിതരണം ചെയ്തുവെന്നും പാർവതിയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

തന്റെ മുൻ സഹപ്രവർത്തകനായിരുന്ന കെ സായി വെങ്കിട്ടരാമൻ എന്ന സ്വാമി സാറിന്റെ സഹോദരിയുടെ ചികിത്സാ സഹായത്തിലേക്കടക്കം ഈ തുക വിനിയോഗിക്കപ്പെട്ടതായി പാർവതിയുടെ പറഞ്ഞു. സ്വാമി സാറിന്റെ രോഗവിവരത്തെക്കുറിച്ചറിഞ്ഞ് അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ സഹോദരിക്കും രോഗബാധയുള്ളതായി അറിഞ്ഞത്. ഇരുവരുടെയും ചികിത്സയ്ക്കായി പണം സമാഹരിക്കാൻ ആരംഭിച്ചിരുന്നു. ഇതിനിടെ മീഡിയ വൺ ചാനലിൻ്റെ സ്നേഹസ്പർശം പരിപാടിയിലൂടെ അവർക്ക് 40000 രൂപ ധനസഹായം ലഭിച്ചിരുന്നു. ഇതിനു ശേഷം ചാനൽ അധികൃതർ ഒന്നര ലക്ഷം രൂപ കൂടി ഈ ഞായറാഴ്ച നൽകി. രണ്ടാമത് നൽകിയ തുകയായ ഒന്നര ലക്ഷം രൂപ കെ.എസ്.ചിത്ര വേണ്ടെന്ന് വച്ച പ്രതിഫല തുകയിൽ നിന്നുള്ളതായിരുന്നുവെന്ന് പാർവതി പറഞ്ഞു.

ആകെ 25 ലക്ഷം രൂപയാണ് പരിപാടിയുടെ അവതാരക എന്ന നിലയിലുള്ള പ്രതിഫലം ഒഴിവാക്കിയതിലൂടെ ചിത്ര മാറ്റി വച്ചത്. ഈ തുക വീടില്ലാതെയും രോഗബാധയെത്തുടർന്നുമെല്ലാം ബുദ്ധിമുട്ടുന്നവർക്കുള്ള ധനസഹായമായി കൈമാറിക്കൊയെന്ന് ചാനൽ അധികൃതർ അറിയിച്ചുവെന്നും പാർവതി പറഞ്ഞു.

ഒരു ആശംസ വീഡിയോയ്ക്ക് പോലും പണം ചോദിക്കുന്ന കാലത്ത്, ഇങ്ങനെ ഒരു സ്നേഹസ്പർശം!

Posted by Maala Parvathi on Sunday, 30 August 2020

‘ഒരു ആശംസ വീഡിയോയ്ക്ക് പോലും പണം ചോദിക്കുന്ന കാലത്ത്, ഇങ്ങനെ ഒരു സ്നേഹസ്പർശം!’ എന്നാണ് ചിത്രയുടെ പ്രവൃത്തിയെ പാർവതി വിശേഷിപ്പിച്ചത്. ‘ഈ ഓണക്കാലത്ത് ഒരു പാട് വലിയ മനസ്സുള്ളവരെ കണ്ടു. മറ്റുള്ളവനോടോപ്പം, ദുഃഖിക്കുന്നവനോടൊപ്പം നിൽക്കാൻ കാണിക്കുന്ന സന്മനസ്സ് കണ്ടു. ബോധ്യപ്പെട്ടു,’ എന്നും അവർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

കൈരളിയിൽ ജോലി ചെയ്തിരുന്ന കാലത്തെ പരിചയമാണ് സ്വാമി സാറുമായി. കെ. സായി വെങ്കിട്ടരാമൻ എന്നാണ് അദ്ദേഹത്തിൻ്റെ ശരിക്കുള്ള പേര്.പക്ഷേ പലർക്കും ആ പേര് അറിയില്ല. സ്വാമി സർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഈ മാസം ആഗസ്റ്റ് 21നാണ് സ്വാമി സാറിൻ്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും, ഇപ്പോൾ വരുമാനമൊന്നുമില്ല എന്നും കൈരളി ടിവിയിലെ ജീവനക്കാർ പിരിവ് എടുത്താണ് അദ്ദേഹത്തെ ചികില്സിക്കുന്നത് എന്നും അറിഞ്ഞത്. കൈരളിയിൽ നിന്നും പിരിഞ്ഞ് പോയവരുടെ ഒരു വാട്ട്സപ്പ് കൂട്ടായ്മയുണ്ട്. ആ ഗ്രൂപ്പിൽ ഇത് ചർച്ച ചെയ്യുകയും എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തു.

ഉത്രാടദിനത്തിൽ കുറച്ച് പണം എത്തിക്കുക എന്നതായിരുന്നു ആദ്യ തീരുമാനം.ഗ്രൂപ്പിലെ അംഗങ്ങളിലെ ചിലർ ഉണ്ണി മടവൂർ, അജി കുമാരപുരം, ലൈറ്റിലെ അനിൽ എന്നിവർ അവർക്ക് എന്താണ് വേണ്ടത് എന്നറിയാൻ അവരുടെ വീട് വരെ പോയി.

ശ്രീകണ്ഠേശ്വരത്ത് താമസിച്ചിരുന്ന അവർ, വാടക കൊടുക്കാനാകാതെ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു.

കുതിരമാളികയ്ക്ക് എതിരേയുള്ള വഴിയിൽ, മുരുഗൻ കോവിലിൻ്റെ അടുത്തിരിക്കുന്ന ഒരു ചെറിയ അഗ്രഹാരത്തിലാണ് എന്ന് മനസ്സിലാക്കി അവിടെ പോയി.

ചെന്നപ്പോൾ മനസ്സ് അലിയിക്കുന്ന കാഴ്ചയാണ് കണ്ണിൽ പെട്ടത്. സ്വാമി സാറിനെ കൂടാതെ മൂന്ന് പേർ കൂടെ ആ വീട്ടിൽ.74 വയസ്സ് വരുന്ന വസന്ത എന്ന് പേരുള്ള ഒരു അമ്മ, വിശേഷബുദ്ധിയില്ലാത്ത ഒരു സഹോദരന് പുറമേ ചെവി കേൾക്കാൻ പറ്റാത്ത മറ്റൊരു സഹോദരൻ.

ഇവരെല്ലാം സ്വാമി സാറിൻ്റെ വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. വരുമാനം നിലച്ചതോടെ ആ വീട്ടിലെ സ്ഥിതി വലിയ കഷ്ടത്തിലായി. ആദ്യം പറയേണ്ടത് ആ അമ്മയെ കുറിച്ച് തന്നെയാണ്. 2 വർഷത്തിന് മുമ്പ് ഇടുപ്പ് പൊട്ടിയ അമ്മ കാലിൽ കമ്പി ഇട്ട് കിടക്കുകയാണ്.

ചെറുപ്പത്തിലെ കാത് കേൾക്കാതെയായ ഇവർക്ക്, ഇതൊരു പാരമ്പര്യ രോഗമാണ് എന്ന് മനസ്സിലായതോടെ വിവാഹം വേണ്ടെന്ന് വച്ചു.അക്കാരണത്താൽ സഹോദരന്മാരും കല്യാണം കഴിച്ചില്ല. ചേച്ചിയാണെങ്കിലും അമ്മയുടെ സ്ഥാനമുള്ള ഇവരെ ശ്രുശ്രൂഷിച്ചിരുന്നത് ഇവരുടെ സഹോദരന്മാരാണ്. പക്ഷേ പുരുഷന്മാർക്ക് നോക്കുന്നതിന് ഒരു പരിധിയുണ്ടല്ലോ. അതിൻ്റെ എല്ലാ പ്രശ്നങ്ങളും കട്ടിലിൽ തന്നെ കിടക്കുന്ന അമ്മയിൽ കണ്ടു. സ്വാമി സാറിനും നിരവധി പ്രശ്നങ്ങൾ കിഡ്നി, ശ്വാസകോശം, ഹാർട്ട് ,പ്രമേഹം, ബി.പി തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ. കോവിഡ് കാലമാണ്. സഹായമെവിടെ നിന്ന് എന്നാലോചിച്ച് തുടങ്ങിയപ്പോഴേക്ക് ധാരാളം പേർ ഈ കുടംബത്തെ സഹായിക്കാനെത്തി. വാട്ട്സപ്പ് ഗ്രൂപ്പിലെ കളക്ഷന് പുറമെ മുരള്യ ഗ്രൂപ്പിൻ്റെ ഒരു ലക്ഷം രൂപയുടെ സഹായം ലഭിച്ചു. ഏതാണ്ട് 2 ലക്ഷം കൈയ്യിൽ വന്നപ്പോൾ ഞങ്ങൾക്ക് ധൈര്യമായി. പക്ഷേ പണം അവരെ ഏൽപ്പിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. ഒരു കമ്മിറ്റി രൂപികരിച്ചു.

ആദ്യം ചെയ്തത് അമ്മയെ പാലിയം ഇൻഡ്യയിലേക്ക് മാറ്റുകയാണ്. അവിടെ ഡോ രാജഗോപാൽ, ഡോ സിത്താര, ഡോ സുനിൽ, ഡോ സംഗീത, കവിത സിസ്റ്റർ ദൈദൂതരെ പോലെ അമ്മയെ സ്വീകരിച്ചു. സ്വാമി സാറിനെ ഗോകുലം മെഡിക്കൽ കോളേജിൻ്റെ ജീറിയാട്രിക് ക്ളിനിക്കിലേക്ക് മാറ്റണമെന്ന് ഡോ സംഗീത നിർദ്ദേശിച്ചു. കൊറോണ പ്രശ്നങ്ങൾ കൊണ്ട് ചികിത്സ മുടങ്ങിയിരുന്ന ഇദ്ദേഹത്തെ അവിടെ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഡോ രാജഗോപാൽ, സന്ധ്യ ബാലസുമ, ആർ പാർവതി ദേവി, ഉണ്ണി മാവൂർ തുടങ്ങി എല്ലാവരും ശ്രമം അരംഭിച്ചു. ഓഗസ്റ്റ് 29 ന് കാലത്തെ തന്നെ കോവിഡ് ടെസ്റ്റ് ചെയ്ത് അദ്ദേഹത്തെ അങ്ങോട്ടെത്തിക്കാൻ സാധിച്ചു. ഡോ രാജഗോപാലിനെ പോലെ മറ്റൊരു മനുഷ്യ സ്നേഹിയാണ് ഡോ രാമൻ നായർ. അദ്ദേഹത്തിന്റെ സംരക്ഷണയിൽ ഇപ്പോൾ സ്വാമി സാർ സുരക്ഷിതനാണ്.

ഇത് ഇന്ന് എഴുതാൻ ഒരു കാരണമുണ്ട്. മീഡിയ വൺ ചാനലിന്റെ സ്നേഹസ്പർശം എന്ന പ്രോഗ്രാമിലൂടെ ആ അമ്മയ്ക്ക് ചികിത്സാ സഹായമായി, പണ്ട് ഒരു നാല്പതിനായിരം രൂപ കൊടുത്തിരുന്നു. ഇന്നവർ വീണ്ടും ഒന്നര ലക്ഷം രൂപ കൊടുത്തു. ഒരു പരിപാടിയിലൂടെ ഒരേ ആൾക്ക് എങ്ങനെ രണ്ട് തവണ കൊടുക്കാൻ കഴിയും എന്ന് ചിന്തിക്കുന്നവർക്കുള്ള ഉത്തരമാണ് ഈ പോസ്റ്റിന് ആധാരം. കെ.എസ് ചിത്രയാണ് ഈ പരിപാടിയുടെ അവതാരക. അവർ ഈ പരിപാടി അവതരിപ്പിക്കുന്നതിന് പ്രതിഫലം വാങ്ങുന്നില്ല. അങ്ങനെ സ്വരൂപിച്ച 25 ലക്ഷം രൂപ വിതരണം ചെയ്തപ്പോഴാണ് ഈ അമ്മയ്ക്ക് ഈ പണം കിട്ടിയത്.വീടായും സഹായമായും പലർക്കും അവരത് നൽകുന്നുണ്ട്.

ഈ ഓണക്കാലത്ത് ഒരു പാട് വലിയ മനസ്സുള്ളവരെ കണ്ടു. മറ്റുള്ളവനോടോപ്പം, ദു:ഖിക്കുന്നവനോടൊപ്പം നിൽക്കാൻ കാണിക്കുന്ന സന്മനസ്സ് കണ്ടു. ബോദ്ധ്യപ്പെട്ടു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Ks chithra mala parvathy facebook post

Next Story
റഷ്യ മാത്രമല്ല, ഇന്ത്യയും ജേതാക്കൾ: വിവാദങ്ങൾക്കൊടുവിൽ ചെസ് ഒളിംപ്യാഡിന്റെ അന്തിമ ഫലം പ്രഖ്യാപിച്ചുVishy Anand vs Vladimir, വിശ്വനാഥന്‍ ആനന്ദ് വ്‌ളാദിമിര്‍ ക്രാംനിക്ക്, Vishwanathan Anand in Legends of Chess, വിശ്വനാഥന്‍ ആനന്ദ് ഇതിഹാസങ്ങളുടെ ചെസ് മത്സരം, Legends of Chess online tournament, ലെജന്‍ഡ്‌സ് ഓഫ് ചെസ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റ്‌,Viswanathan Anand lost to Vladimir, Vladimir Kramnik
The moderation of comments is automated and not cleared manually by malayalam.indianexpress.com