കോഴിക്കോട്: ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളിൽനിന്നു കല്യാണ ആഘോഷങ്ങൾക്ക് തുടക്കമാകുന്ന കാലമാണിത്. എങ്ങനെ വ്യത്യസ്തമായ ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങൾ ഒരുക്കാമെന്നാണ് പല വധൂവരന്മാരുടെയും ഫൊട്ടോഗ്രാഫർമാരുടെയും ചിന്ത. പലപ്പോഴും രാഷ്ട്രീയവും ജോലിയുമെല്ലാം ‘സേവ് ദി ഡേറ്റ്’ തീമുകളായി വരാറുണ്ട്. അത്തരത്തിൽ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ചർച്ചകൾക്ക് വഴിവയ്ക്കാറുണ്ട്. അങ്ങനെയൊരു ‘സേവ് ദി ഡേറ്റ്’ ഫൊട്ടോഷൂട്ടാണ് ഇപ്പോൾ വിവാദമാകുന്നത്.
കോഴിക്കോട് നഗരത്തിലെ ഒരു വനിതാ പ്രിൻസിപ്പൽ എസ്ഐയാണ് പ്രതിശ്രുത വരനോടൊപ്പം ഔദ്യോഗിക യൂണിഫോമിൽ ഫോട്ടോഷൂട്ട് നടത്തി വിവാദത്തിൽ പെട്ടിരിക്കുന്നത്. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും നെയിം പ്ലേറ്റും എസ്ഐയായിരിക്കെ ലഭിച്ച മെഡലും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്ഐ പ്രതിശ്രുത വരനുമായി ഫൊട്ടോഷൂട്ട് നടത്തിയത്.
ഇതിന്റെ ചിത്രങ്ങൾ സേനാംഗങ്ങള്‍ക്കിടയില്‍ എത്തിയതോടെയാണ് ചർച്ചയായി മാറിയത്. എസ്ഐയുടെ ഫൊട്ടോഷൂട്ട് യൂണിഫോമിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഡിജിപിയുടെ ഉത്തരവ് ലംഘിക്കുന്നതുമാണെന്നുമാണ് വിമർശനം. എന്നാൽ പരസ്യപ്രതികരണവുമായി ആരും രംഗത്ത് എത്തിയിട്ടില്ല.
2015 ൽ ടി.പി.സെൻകുമാർ പൊലീസ് മേധാവി ആയിരുന്ന സമയത്ത് സമൂഹ മാധ്യമങ്ങളിൽ ഇടപെടുമ്പോൾ സേനാംഗങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ അല്ലാതെ യൂണിഫോം ചിത്രങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിർദേശങ്ങൾ എല്ലാം എസ്ഐ കാറ്റിൽ പറത്തിയെന്നാണ് വിമർശനം.
Also Read: അളിയാ, ആ ഥാർ എനിക്ക് തരോ?; ഗുരുവായൂരപ്പനോട് അയ്യപ്പൻ