ഇന്നലെ കരിപ്പൂരില്‍ നടന്ന വിമാനാപകടത്തില്‍ രണ്ടു വൈമാനികരാണ് മരിച്ചത് – ദീപക് സാത്തെ, അഖിലേഷ് കുമാര്‍ എന്നിവര്‍.  ദീപക്, ഏറെ കാലത്തെ പ്രവര്‍ത്തിപരിചയമുള്ള മുതിര്‍ന്ന വൈമാനികനായിരുന്നു. അദ്ദേഹത്തിന്റെ സമയോചിതമായ പ്രവര്‍ത്തനമാണ് വിമാനത്തിനു തീ പിടിക്കാത്തിന്റെ കാരണം എന്ന് വിലയിരുത്തപ്പെടുന്നു.

രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ വീരമൃത്യുവിനെ ആദരിക്കുമ്പോള്‍ പുറത്തു വരുന്നത് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ള ഒരച്ഛന്റെയും അമ്മയുടെയും നഷ്ടത്തിന്റെ കഥയാണ്.  രണ്ടു മക്കളെ നഷ്ടപ്പെട്ടവര്‍ എന്നതിലുപരി രണ്ടു മക്കളെ രാജ്യത്തിന്‌ നല്‍കിയവര്‍ എന്ന വിശേഷണമാവും കേണല്‍ വസന്ത് സാത്തെയ്ക്കും ഭാര്യയ്ക്കും കൂടുതല്‍ ചേരുക.  ഇന്ത്യന്‍ ആര്‍മിയില്‍ പ്രവര്‍ത്തിക്കവേ ജമ്മുവില്‍ വച്ച് ജീവന്‍ ത്യജിച്ച വികാസ്, കരിപ്പൂരില്‍ ‘വന്ദേ ഭാരത്‌’ ദൗത്യത്തിന്റെ ഭാഗമായ, അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ദീപക് എന്നിവരുടെ അച്ഛനമ്മമാരെക്കുറിച്ച് പറഞ്ഞത് ബന്ധുമായ നിലീഷ് സാത്തെയാണ്.

‘വിശ്വസിക്കാനാവുന്നില്ല, എന്റെ കസിനും അതിനേക്കാള്‍ ഉപരി സുഹൃത്തുമായ ദീപക് സാത്തെ ഇനി ഇല്ല എന്നത്. കോഴിക്കോട് റണ്‍വേയില്‍ സ്കിഡ്‌ ചെയ്ത് അപകടത്തില്‍ പെട്ട ‘വന്ദേ ഭാരത്’ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിന്റെ പൈലറ്റ് ആയിരുന്നു അയാള്‍.

ഞാന്‍ മനസ്സിലാക്കിയത് ഇതാണ്. ലാന്‍ഡിംഗ് ഗിയറുകള്‍ വര്‍ക്ക്‌ ചെയ്തില്ല. മുന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് ആയ ദീപക് എയര്‍പോര്‍ട്ടിന് ചുറ്റും മൂന്ന് തവണ വലം വച്ചു, അത് കാരണം പ്ലൈനിനു തീപിടിക്കുന്നത് ഒഴിവായി. അത് കൊണ്ടാണ് അപടകത്തില്‍പ്പെട്ടു കിടന്ന വിമാനത്തില്‍ നിന്നും പുക ഉയരാതിരുന്നത്. ക്രാഷ് ചെയ്യുന്നതിന് തൊട്ടു മുന്പ് അദ്ദേഹം വിമാനത്തിന്റെ ഇന്ജിന്‍ ഓഫ്‌ ചെയ്തിരുന്നു. മൂന്നാം വളയത്തിനു ശേഷം അദ്ദേഹം ബെല്ലി ലാന്‍ഡിംഗ് നടത്തി. വിമാനത്തിന്റെ വലത്തേ ചിറക് ഒടിഞ്ഞു പോയി. 180 സഹയാത്രികകരെ രക്ഷിച്ച് പൈലറ്റ് വീരമൃത്യു വരിച്ചു.

വിമാനം പറത്തുന്നതില്‍ 36 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഏരിയല്‍ ഓപ്പറേറ്റര്‍ ആയിരുന്നു ദീപക്. എന്‍ ഡി എ പഠനം കഴിഞ്ഞു, 58 ആം കോര്‍സ് ഒന്നാമനായി. ഇന്ത്യന്‍ വ്യോമസേനയില്‍ 21 വര്‍ഷം പ്രവര്‍ത്തിച്ചു. Sword of Honour നേടി. 2005 മുതല്‍ എയര്‍ ഇന്ത്യയില്‍ കമേര്‍സ്യല്‍ പൈലറ്റ് ആയി.

ഒരാഴ്ച മുന്‍പ് കൂടി എന്നെ വിളിച്ചിരുന്നു. എന്നെത്തെയും പോലെ സന്തോഷവനായിരുന്നു. വന്ദേ ഭാരത് ദൗത്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അറബ് നാടുകളില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാരെ മടക്കിയെത്തിക്കുന്നതില്‍ അഭിമാനമുണ്ട് എന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു, ‘ദീപക്, യാത്രക്കാരെ അനുവദിക്കാത്ത നാടുകളിലേക്ക് പോകുമ്പോള്‍ ഒഴിഞ്ഞ വിമാനവുമായാണോ പോകുന്നത്?.’ ‘ഒരിക്കലുമല്ല. പഴങ്ങള്‍, പച്ചക്കറി, മരുന്നുകള്‍ ഇവയൊക്കെ കൊണ്ട് പോകും.’ ദീപക് പറഞ്ഞു. അതായിരുന്നു അവസാന സംഭാഷണം.

ഇന്ത്യന്‍ എയര്‍ഫോര്‍സില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു എയര്‍ ക്രാഷ് അതിജീവിച്ചിരുന്നു ദീപക്. ആറു മാസം ആശുപത്രിയില്‍ തലയില്‍ വിവിധ പരിക്കുകളോടെ കിടന്നു. ഇനിയും വിമാനം പറത്താനാവില്ല എന്ന് കരുതിയ സമയത്ത് നിന്നും ഫ്ലയിംഗിനോടുള്ള ഇഷ്ടവും ഇച്ഛാശക്തിയും കൊണ്ട് പൊരുതി വന്നയാള്‍. വീണ്ടും പറന്നു തുടങ്ങി. അതൊരു അത്ഭുതമായിരുന്നു.

ഭാര്യയും ഐ ഐ ടി മുംബൈ ബിരുദധാരികളായ രണ്ടു ആണ്‍മക്കളുമുണ്ട് ദീപകിനു. നാഗ്പൂരിലെ കേണല്‍ വസന്ത് സാത്തെയുടെ മകന്‍. ദീപകിന്റെ സഹോദരന്‍ ക്യാപ്റ്റന്‍ വികാസ് ജമ്മുവില്‍ ആര്‍മി ജോലിയ്ക്കിടെ ജീവന്‍ ത്യജിച്ചയാളാണ്. രാജ്യത്തെ പൗരന്‍മാര്‍ക്ക് വേണ്ടി ജീവത്യാഗം നടത്തുന്നവനാണ് ഒരു സൈനികന്‍’ നിലേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ അവസാനം ഒരു സൈനികന്‍ എഴുതിയ വരികളും നിലേഷ് പങ്കു വച്ചിട്ടുണ്ട്.  ‘യുദ്ധ ഭൂമിയില്‍ ഞാന്‍ വീണാല്‍…’ എന്ന് തുടങ്ങുന്ന ഒരു കവിതയാണു അത്.

‘യുദ്ധഭൂമിയില്‍ ഞാന്‍ വീണാല്‍
പൊതിഞ്ഞു കെട്ടി വീട്ടിലേക്ക്‌ അയച്ചേക്കണം

മെഡലുകള്‍ നെഞ്ചത്ത് തന്നെ കുത്തണം
അമ്മയോട് പറയണം, ആവതെല്ലാം ഞാന്‍ ചെയ്തു എന്ന്

അച്ഛനോട് തല കുനിക്കരുത് എന്ന് പറയണം
ഇനി എന്നെക്കൊണ്ടുള്ള ടെന്‍ഷനില്ല

അനിയനോട് നന്നായി പഠിക്കാന്‍ പറയണം
ഇനി എന്റെ ബൈക്ക് ഇനി അവന്റെതാണ് എന്നും

ചേച്ചിയോട് കരയണ്ട എന്ന് പറയണം
അനിയന് ഇനിയൊരു പ്രഭാതമില്ല എന്നും

എന്റെ പ്രണയിനിയോട് വിഷമിക്കരുതെന്നു പറയണം
‘കാരണം മരിക്കാനായി ജനിച്ച പോരാളിയാണ് ഞാന്‍.’

 

Read Here: Air India Express IX 1344 plane crash in Kozhikode: കരിപ്പൂര്‍ വിമാന അപകടം: മരിച്ച പൈലറ്റ് മുന്‍ വ്യോമസേന വൈമാനികന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook