കോഴിക്കോട്: ചാംപ്യൻസ് ലീഗിലെ ബാഴ്സലോണയുടെ പരാജയത്തോടെയാണ് എട്ടിന്റെ പണി എന്ന പ്രയോഗം കഴിഞ്ഞ 24 മണിക്കൂറിനിടെ മലയാളം സോഷ്യൽ മീഡിയയിൽ വീണ്ടും വ്യാപകമായി കാണാൻ തുടങ്ങിയത്.

ബാഴ്സയുടെയും സൂപ്പർതാരം മെസ്സിയുടെയും ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയതാണ് ബാഴ്സയുടെ ചാംപ്യൻസ് ലീഗിലെ പരാജയം. ചാംപ്യൻസ് ലീഗിൽ ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനോട് എട്ടിനെതിരെ രണ്ട് ഗോൾ മാത്രം നേടി അടിയറവ് പറയേണ്ടി വന്നു സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയ്ക്ക്. ഇപ്പോൾ എട്ട് ഗോൾ വഴങ്ങിയുള്ള ബാഴ്സയുടെ പരാജയത്തെ ട്രോളിക്കൊണ്ട് കോവിഡ് പ്രതിരോധ സന്ദേശം പോലും പുറത്തുവരുന്നു.

കോഴിക്കോട് ജില്ലാ കലക്ടർ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലും അത്തരമൊരു കോവിഡ് സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിരോധം പാളിയാൽ എട്ടിന്റെ പണി കിട്ടും , നല്ല എട്ടിന്റെ പണി എന്നാണ് കലക്ടർ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രത്തിലെ വാചകം. ഇതിന് പശ്ചാത്തലമായി ബാഴ്സയുടെ പോസ്റ്റിലേക്ക് ബയേൺ ഗോളടിക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് പന്തിന് പകരം കൊറോണ വൈറസിന്റെ ചിത്രവും ചേർത്തിരിക്കുന്നു.

പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി കമൻഡുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. “മരിച്ച വീട്ടിൽ ‌‍ഡി ജെ പാർട്ടി നടത്തുന്നത്ര ക്രൂരനാവല്ലെ കളക്ടർ സർ…” എന്നാണ് ഒരു കമൻഡ്. “കളക്ടർ ആയാലും ഡിജിപി ആയാലും എല്ലാവരുടെ ഉള്ളിലും ഒരു സ്പോർട്സ്മാൻ ഉണ്ടാവില്ലേ ആ സ്പിരിറ്റിൽ എടുത്താൽ മതി…” എന്ന് മറ്റൊരു കമൻഡ്. ഇതൊക്കെ താങ്ങാനുള്ള കരുത്ത് ആ പ്യാവങ്ങൾക്ക് കൊടുക്കണേ ദേവമേ എന്ന് ബാഴ്സ ആരാധകരെക്കുറിച്ച് പറയുന്നു മറ്റ് ചില കമൻഡുകളിൽ.

Read More From IE Malayalam: ഓണക്കാലത്ത് കർണാടകയിലേക്ക് കെഎസ്ആർടിസി സ്പെഷ്യൽ ബസ് സർവീസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook