scorecardresearch

ഇറങ്ങിപ്പോന്നൂടെ, ജീവിച്ചൂടെ, എന്തിനാണിങ്ങനെ സ്വയം ഇല്ലാതെയാകുന്നത്‌?; ശ്രദ്ധേയമായി കുറിപ്പ്

“എന്തിനാണീ സഹനമെല്ലാം?? ‘ഞാൻ ജീവിക്കും,നീ പോടാ പുല്ലേ’ എന്ന്‌ പറഞ്ഞ്‌ ഇറങ്ങിപ്പോന്നിരുന്നെങ്കിൽ ഉള്ളളറിഞ്ഞ്‌ ചിരിക്കുമായിരുന്ന, ആത്മാവോടെ ജീവിക്കുമായിരുന്ന ഒരു പെണ്ണിനെയെങ്കിലും ഇത്‌ വായിക്കുന്ന ഓരോരുത്തർക്കുമറിയില്ലേ?” ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു

vismaya death case, dowry death case, dowry harassment, BAMS student death case, husband Kiran kumar arrested, dowry death case kerala, kollam, kerala news, ie malayalam

കൊല്ലത്ത് യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെത്തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഈ വിഷയത്തിന്റെ വിവിധ വശങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ചർച്ചകൾ സജീവമാവുകയാണ്.

മരിച്ച യുവതിയുടെ ഭർത്താവിനെതിരെ ബന്ധുക്കൾ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ മകളെ യുവാവ് നിരന്തരം ഉപദ്രവിക്കുമെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞിരുന്നു. 100 പവൻ സ്വർണവും ഒരു ഏക്കർ 25 സെന്റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലവരുന്ന കാറുമാണ് സ്ത്രീധനമായി നൽകിയത്. കാർ ഇഷ്ടപ്പെടാതെ വന്നതോടെയാണ് മകളെ ഉപദ്രവിക്കാൻ തുടങ്ങിയതെന്നും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇത്തരം പ്രശ്നങ്ങൾ അനുഭവിച്ച് സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇല്ലാതാവുന്നതെന്നാണ് ഡോക്ടറും സാമൂഹ്യ പ്രവർത്തകയുമായ ഷിംന അസീസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചത്. എന്തിനാണ് ഈ സഹനമെന്നും ഞാൻ ജീവിക്കും എന്ന് പറഞ്ഞ് ഇറങ്ങിവരാമായിരുന്നില്ലേ എന്നും പോസ്റ്റിൽ ചോദിക്കുന്നു.

Read More: അമ്മേ, അച്ഛനെവിടെ?; താലികെട്ടുന്ന തിരക്കിൽ ചിരിവിരുന്ന് ഒരുക്കി വരൻ

“ഇരുപത്തിനാല് വയസ്സുള്ള ഒരു പെൺകുട്ടി മരണപ്പെട്ടിരിക്കുന്നു. മരിച്ചിരിക്കുന്നത്‌ ഒരു തുണ്ട്‌ കയറിനാലാണെന്ന്‌ പറയപ്പെടുന്നു. നിയമപരമായ അന്വേഷണം നടക്കുന്ന നേരത്ത്‌ ആത്മഹത്യയോ അല്ലയോ എന്നൊന്നും പറയാനില്ല, വിഷയം അതല്ല താനും.”

“അവൾ അവളുടെ സ്വന്തം കുടുംബാംഗങ്ങൾക്ക്‌ അയച്ച അവളുടെ മുഖം കൃത്യമായി പതിഞ്ഞ ചിത്രങ്ങളടക്കം വാർത്തയിൽ കണ്ടു. തല്ലി ചുവന്ന പാടുകളും നെറ്റി മുഴച്ചതും കൈയിലെ ചോര കല്ലിപ്പും പിന്നെയും വേദന നുരയുന്ന വേറെ കുറേ പടങ്ങളും. സ്‌ത്രീധനമായിരുന്നത്രേ വിഷയം. ബാക്കിയുള്ള സ്‌ത്രീധനം ചോദിച്ച്‌ അവന്റെ കൊടിയ പീഡനമായിരുന്നത്രേ നിത്യം. തെളിയിക്കപ്പെടാത്തിടത്തോളം ഇതെല്ലാം ആരോപണങ്ങളാണെന്ന്‌ വേണമെങ്കിൽ പറയാം. പക്ഷേ, അവളുടെ ചാറ്റ്‌ സ്‌ക്രീൻഷോട്ടടക്കം പലയിടങ്ങളിലായി കാണുന്നു. മിനിയാന്ന്‌ തല്ലിയെന്നും, അടി കൊണ്ട്‌ കിടന്നപ്പോൾ മുഖത്ത്‌ ചവിട്ടിയെന്നും, ഇടക്കിടെ അയാൾ തല്ലുമായിരുന്നെന്നും…”

“എനിക്ക്‌ മനസ്സിലാകാത്തത്‌ ഇതൊന്നുമല്ല- ഇന്ന്‌, ഈ കാലത്തും നിലനിൽക്കുന്ന ‘പെൺകുട്ടിയെ പറഞ്ഞയക്കുന്നതല്ലേ, വെറും കൈയോടെ എങ്ങനെ’ എന്ന്‌ പറഞ്ഞ്‌ വളർത്തി വലുതാക്കിയ കുഞ്ഞിനെ അങ്ങോട്ട്‌ കാശ്‌ കൊടുത്ത്‌ തല്ല്‌ കൊള്ളാൻ പറഞ്ഞയക്കുന്ന, എന്ത് സംഭവിച്ചാലും ‘അവന്റെ കാൽച്ചോട്ടിൽ ആണ്‌ മോളേ സ്വർഗം, ക്ഷമിക്കണം, സഹിക്കണം’ എന്ന് ‘ആശ്വസിപ്പിക്കുന്ന’, മകൾ വീട്ടിലേക്ക്‌ തിരിച്ച്‌ പോന്നാൽ ‘നാണക്കേട്’ വിചാരിക്കുന്ന, തലക്ക്‌ മുകളിൽ വട്ടംചുറ്റുന്ന ദുരിതം സഹിക്കുന്നത്‌ നിർത്തി ഇറങ്ങിപ്പോരാൻ ഭയന്ന്‌ സർവ്വംസഹയായി പെൺകുട്ടികൾ നില കൊള്ളുന്ന, സ്വന്തംകാലിൽ നിൽക്കാനുള്ള വിദ്യാഭ്യാസവും തന്റേടവും ലോകപരിചയവും എത്തുന്നതിന്‌ മുൻപ്‌ ഒരു കപ്പ്‌ ചായ കൊടുത്ത സൗഹൃദം മാത്രം മകൾക്കുള്ള ഒരപരിചിതന്റെ കൂടെ മിക്കപ്പോഴും പറഞ്ഞയക്കുന്ന വ്യവസ്‌ഥയെയാണ്‌, വ്യവസ്‌ഥിതിയെയാണ്‌,” ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

“എത്ര പെൺമക്കളെ ബലി കൊടുത്താലാണ്‌ പുറമേ കാണുന്ന മുറിപ്പാടുകളും, പുറമേ കാണാത്ത മാനസികപീഡനത്തിന്റെ അഴുകിയ പൊള്ളലുകളും വലിച്ച്‌ ദൂരെക്കളഞ്ഞ്‌ ജീവിക്കാൻ തീരുമാനിച്ച്‌ കാൽചുവടുകളിൽ നിന്ന്‌ ഇറങ്ങിപ്പോരാൻ മാത്രം പക്വത നമ്മുടെ പെണ്ണുങ്ങൾക്കുണ്ടാകുക.” ഫെയ്സ്ബുക്ക് പോസ്റ്റിൽ അവർ ചോദിച്ചു.

Read More: വിശ്വാസം വിലപ്പെട്ടതാണ് പ്രതീക്ഷയും; ചന്ദനയുടെ കത്തിന് മൊബൈൽ ഫോൺ മറുപടി നൽകി ജില്ലാ കലക്ടർ

“എന്തിനാണീ സഹനമെല്ലാം?? ‘ഞാൻ ജീവിക്കും,നീ പോടാ പുല്ലേ’ എന്ന്‌ പറഞ്ഞ്‌ ഇറങ്ങിപ്പോന്നിരുന്നെങ്കിൽ ഉള്ളളറിഞ്ഞ്‌ ചിരിക്കുമായിരുന്ന, ആത്മാവോടെ ജീവിക്കുമായിരുന്ന ഒരു പെണ്ണിനെയെങ്കിലും ഇത്‌ വായിക്കുന്ന ഓരോരുത്തർക്കുമറിയില്ലേ?”

“ഇറങ്ങിപ്പോന്നൂടെ? ജീവിച്ചൂടെ? എന്തിനാണിങ്ങനെ സ്വയം ഇല്ലാതെയാകുന്നത്‌? ഓരോ നിമിഷവും മരിച്ച്‌ ജീവിക്കുന്നത്‌? ആ പെൺകുട്ടിക്ക്‌ ആത്മശാന്തി നേരുന്നു. ഒപ്പം, ഇന്നും ജീവനോടെയിരിക്കേണ്ടിയിരുന്ന ഒരുവളെയോർത്ത്‌, അല്ല ഒരുപാട്‌ സ്‌ത്രീകളെയോർത്ത്‌ നെഞ്ച്‌ പിടയുകയും ചെയ്യുന്നു…” ഷിംന അസീസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Kollam vismaya suicide dowry harassment response on social media