കൊല്ലം: കൊട്ടിയം ചാത്തന്നൂരിനടുത്ത് ഇത്തിക്കര പാലത്തിനു സമീപം ഇന്ന് രാവിലെയുണ്ടായ അപകടത്തിന് കാരണം കെഎസ്ആർടിസി ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് സംശയം. രാവിലെ നടന്ന അപകടത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേരാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം എന്ന പേരിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ 10 പേര്‍ക്ക് പരുക്കേറ്റു. ഇവരിൽ ചിലരുടെ നില അതീവഗുരുതരമാണ്. കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി അബ്ദുൽ അസീസ് (47), കണ്ടക്ടർ താമരശേരി സ്വദേശി ടി.പി.സുഭാഷ്, ലോറി ഡ്രൈവർ ചെങ്കോട്ട സ്വദേശി ഗണേശൻ (30) എന്നിവരാണു മരിച്ചത്.

രാവിലെ ഏഴോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് പെട്ടെന്ന് റോഡിന്റെ മറുവശത്തേക്ക് വളഞ്ഞുപോകുന്നതാണ് ദൃശ്യത്തിൽ കാണുന്നത്. പിന്നാലെ എതിരെ വരുന്ന ലോറിയിൽ ബസിടിക്കുന്നതാണ് കാണാനാവുന്നത്. ശ്യാം കുമാറാണ് വീഡിയോ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചത്. സിസിടിവി ദൃശ്യത്തിൽൽ ഇന്നത്തെ തീയതി തന്നെയാണ് കാണുന്നത്. അതേസമയം വീഡിയോ ഇന്നത്തെ അപകടത്തിന്റേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് സാധിച്ചിട്ടില്ല.

അപകടം നടന്ന ഉടൻ പരുക്കേറ്റവരെ അടുത്തുളള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ പെട്ട ട്രക്കിൽ നിന്നും ഡ്രൈവർ ചെങ്കോട്ട സ്വദേശി ഗണേശനെ പുറത്തെടുക്കാൻ ഏതാണ്ട് ഒന്നര മണിക്കൂറോളം പണിപ്പെട്ടു. ഇദ്ദേഹം ഇതിനോടകം മരണത്തിന് കീഴടങ്ങുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ