കൊച്ചി: രാജ്യത്ത് നാൾക്കുനാൾ കുതിച്ചുയരുന്ന ഇന്ധന വില വർദ്ധനയ്ക്ക് എതിരെ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പളളി. കേരളം ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നേരിട്ട സാഹചര്യത്തിൽ ഹർത്താൽ നടത്തുന്നത് രാഷ്ട്രീയ അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിൽ തന്റെ ഔദ്യോഗിക പേജിൽ പുറത്തുവിട്ട വീഡിയോയിലാണ് കൊച്ചൗസേപ്പിന്റെ പ്രതികരണം.

ഇന്ധനവില വർദ്ധനവിനെതിരെ രാജ്യത്താകമാനം ബന്ദിന് ആഹ്വാനം ചെയ്തത് കോൺഗ്രസാണ്. സമാനമനസ്‌കരായ പ്രതിപക്ഷ കക്ഷികൾ ഈ പ്രതിഷേധത്തിൽ അണിചേരുകയായിരുന്നു. കേരളത്തിൽ യുഡിഎഫിനൊപ്പം എൽഡിഎഫും തിങ്കളാഴ്ചത്തെ ഹർത്താലിന്റെ ഭാഗമാകുന്നുണ്ട്.

രാഷ്ട്രീയ പാർട്ടികൾ അവരുടെ അധികാരം കാണിക്കാൻ വേണ്ടിയും രാഷ്ട്രീയ ഗുണ്ടകൾക്ക് അക്രമം നടത്താനുമാണ് ഹർത്താൽ നടത്തുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പളളി പറഞ്ഞു. ഹർത്താൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“പ്രളയം കഴിഞ്ഞ് രണ്ടാഴ്ച മാത്രം കഴിഞ്ഞിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ, ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോൾ, എന്ത് കാരണത്തിന്റെ പേരിലായാലും ഹർത്താൽ നടത്തുന്നത് രാജ്യസ്നേഹമുളള ആർക്കും അംഗീകരിക്കാനാവില്ല,” അദ്ദേഹം പറഞ്ഞു.

ജനങ്ങൾ സഹിച്ചോളും എന്ന രാഷ്ട്രീയ അഹങ്കാരമാണ് ഹർത്താലിന് പിന്നിൽ. പ്രളയകാലത്ത് ഒരു രാഷ്ട്രീയവും ഉണ്ടായിരുന്നില്ല. ഒരു മതവും ഒരു ജാതി വേർതിരിവും ഈ കാലത്ത് ഉണ്ടായിരുന്നില്ല. ഇപ്പോൾ വീണ്ടും രാഷ്ട്രീയക്കാർ അവരുടെ മേനി തെളിയിക്കാൻ ഓരോ കാരണം പറഞ്ഞ് വീണ്ടും ഹർത്താൽ നടത്തുന്നത് കേരളീയരോട് കൊഞ്ഞനം കുത്തുന്നത് പോലെയാണ്” ചിറ്റിലപ്പളളി പറഞ്ഞു.

താൻ ഒരു രാഷ്ട്രീയ പാർട്ടിയോടും എതിർപ്പുളളയാളല്ലെന്നും ആരെയും കുറ്റം പറയുകയല്ലെന്നും ചിറ്റിലപ്പളളി പറഞ്ഞു. ഇതിനോടകം നാലായിരത്തിലേറെ പേർ ഷെയർ ചെയ്ത വീഡിയോ അയ്യായിരത്തോളം പേർ പ്രതികരണം അറിയിച്ചിട്ടുണ്ട്. അറുന്നൂറോളം കമന്റുകളും ലഭിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ