തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്ന പരസ്യവാചകത്തോടെയെത്തിയ ‘ ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പത്രപരസ്യം ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. റോഡിലെ കുഴിയെ ട്രോളിയ സിനിമ തന്നെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഒരു കൂട്ടം ആളുകൾ രംഗത്തെത്തി. എന്നാൽ വിവാദങ്ങളോ ബഹിഷ്കരണ ആഹ്വാനങ്ങളോ ഒന്നും ചിത്രത്തെ ബാധിച്ചില്ലെന്നു മാത്രമല്ല, മികച്ച പ്രേക്ഷകപിന്തുണ നേടി തിയേറ്ററുകളിൽ മുന്നേറുകയാണ് ‘ ന്നാ താൻ കേസ് കൊട്’.
വിവാദമായ ആ പരസ്യവാചകത്തെ കടമെടുത്തു അൽപ്പം പരിഷ്കരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി മെട്രോ ഇപ്പോൾ. ‘തിയേറ്ററുകളിലേക്കുള്ള വഴിയിൽ മെട്രോയുണ്ട്. അതുകൊണ്ട് കുഴപ്പമില്ല,’ ന്നാ പിന്നെ മെട്രോയിൽ പോവാം ??? എന്നാണ് കൊച്ചി മെട്രോയുടെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്യപ്പെട്ട പരസ്യത്തിലെ വാചകം.
മെട്രോയുടെ വേറിട്ട പരസ്യം ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റുപിടിച്ചുകഴിഞ്ഞു. അത് കലക്കി, ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം, എവിടെ ആയിരുന്നു ഈ ട്രോളൻ ഇത്രയും കാലം? എന്നിങ്ങനെ പോവുന്നു പോസ്റ്റിനു ലഭിക്കുന്ന കമന്റുകൾ.