കൊച്ചി മെട്രോ അധികൃതർ ഇതുപോലൊരു പണി പ്രതീക്ഷിച്ച് കാണില്ല. ഇപ്പോൾ ചെകുത്താനും കടലിനും നടുവിലെന്ന പോലെയായി അവരുടെ സ്ഥിതി. കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് പേര് ചോദിച്ചതാണ് ഇപ്പോൾ കുരിശായി മാറിയിരിക്കുന്നത്.
ഇന്നലെയാണ് ഭാഗ്യചിഹ്നമായ കുഞ്ഞനാനയ്ക്ക് പേര് ചോദിച്ച് കൊച്ചി മെട്രോ ഫെയ്സ്ബുക്കിൽ മത്സരം സംഘടിപ്പിച്ചത്. അതിന് നിബന്ധനകളും ഉണ്ടായിരുന്നു. അപ്പു, തൊപ്പി, കുട്ടൻ ഇജ്ജാതി പേരൊന്നും വേണ്ട. ഏറ്റവും ക്രിയേറ്റീവായി ചിന്തിച്ച് പേര് നിർദ്ദേശിക്കണം.
അതുകൊണ്ട് മാത്രമായില്ല. ഏറ്റവും കൂടുതൽ ലൈക്ക് ആ പേരിന് കമന്റ് വായിക്കുന്നവർ നൽകുകയും വേണം. ഏറ്റവും കൂടുതൽ ലൈക്ക് നേടുന്ന മൂന്ന് പേരുകൾ ഇതിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്നയാൾക്ക് പ്രത്യേക സമ്മാനവും ലഭിക്കും. ഇതാണ് മത്സരം.
എന്നാൽ എട്ടിന്റെയല്ല, പതിനാറിന്റെ പണിയാണ് കമന്റ് ബോക്സിൽ കിട്ടിയത്. കുമ്മനാന എന്നാണ് ലിജോ വർഗ്ഗീസ് ഇന്നലെ വൈകിട്ട് 5.14 ന് നിർദ്ദേിച്ച പേര്. ഒന്നിന് പുറകേ ഒന്നായി കമന്റിന് പിന്തുണ ലഭിക്കുകയും ചെയ്തു. ഇപ്പോൾ പോസ്റ്റിനേക്കാളേറെ ലൈക്ക് ലഭിച്ചിരിക്കുന്നതും ലിജോ നിർദ്ദേശിച്ച പേരിനാണ്.
ഇതോടെ ഈ പേര് തന്നെ കുഞ്ഞനാനയ്ക്ക് നൽകണം എന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു. ഇതെഴുതുമ്പോൾ നാലായിരം ലൈക്കാണ് കമന്റിന് ലഭിച്ചിരിക്കുന്നത്.
ജയന്ത് ജോസ് നിർദ്ദേശിച്ച അശ്വതി അച്ചുവാണ് ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ളത്. തൊട്ടുപുറകിൽ കുമ്മൻ എന്ന പേര് നിർദ്ദേശിച്ച് മിലൻ തോമസുമുണ്ട്. ഡിസംബർ നാലിന് വൈകിട്ട് ആറ് മണി വരെ പേര് നിർദ്ദേശിക്കാം.
നേരത്തേ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കൊച്ചി മെട്രോ ഉദ്ഘാടന ദിവസം പ്രധാനമന്ത്രിക്കൊപ്പം മെട്രോ ട്രയിനിൽ യാത്ര ചെയ്തിരുന്നു. ഔദ്യോഗിക പദവികളൊന്നും വഹിക്കാത്ത കുമ്മനം രാജശേഖരൻ പ്രധാനമന്ത്രി, മുഖ്യമന്ത്രി, അന്ന് കേന്ദ്രമന്ത്രിയായിരുന്ന വെങ്കയ്യ നായിഡു എന്നിവർക്കൊപ്പം യാത്ര ചെയ്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
Read More: കുമ്മനടി അർബൻ ഡിക്ഷ്ണറിയിലും

ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകളിൽ കുമ്മനടി എന്ന വാക്ക് തന്നെ വൻതോതിൽ ഉപയോഗിക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് കുമ്മനടി എന്ന വാക്ക് തന്നെ ക്ഷണിക്കാത്ത ചടങ്ങിൽ പങ്കെടുക്കുക എന്ന അർത്ഥത്തിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.