സുധീർ പറവൂർ എന്ന കലാകാരൻ ഒരു ടെലിവിഷൻ ഹാസ്യ പരിപാടിയിൽ പാടിയ ‘ക്ളിഞ്ഞോ പ്ലിങ്ഞ്ഞോ സൗണ്ട്‌സുള്ള തത്തേ..’ എന്ന ഗാനം കേൾക്കാത്ത മലയാളികൾ ആരുംതന്നെ ഉണ്ടാവാൻ ഇടയില്ല. കുറച്ചു കാലം മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന ഗാനം ഇപ്പോൾ വീണ്ടും ഇൻസ്റ്റാഗ്രാമിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഇടം നേടുകയാണ്. എന്നാൽ അത് ഒരു ആനിമേഷൻ വീഡിയോ രൂപത്തിലാണെന്ന് മാത്രം.
‘ജെബോനിയൻസ്’ എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. സ്‌കൂൾ കലോത്സവ വേദിയിൽ ഒരു കുട്ടി ഈ ഗാനം പാടുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. കലോത്സവ ‘ക്ളിഞ്ഞോ പ്ലിങ്ഞ്ഞോ’ പാട്ടിന് വഴക്ക് കേൾക്കുന്ന കുട്ടി ഭാവിയിൽ വലിയ വേദിയിൽ പാടുന്നത് കാണിച്ചാണ് അവസാനിക്കുന്നത്. സുധീർ പറവൂരിന്റെ തന്നെ അടുത്തിടെ ഹിറ്റായ ‘മാനത്ത് പാറക്കണ കാക്ക’ എന്ന പാട്ടാണ് അവസാനം നൽകിയിരിക്കുന്നത്. സ്വപ്നങ്ങളെ പിന്തുടരുക എന്ന സന്ദേശം നൽകിയാണ് വീഡിയോ അവസാനിക്കുന്നത്.
കാനഡയിൽ ആനിമേറ്ററായി പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വദേശി അജു മോഹനാണ് ഈ ആനിമേഷൻ വീഡിയോക്ക് പിന്നിൽ. ‘ജെബോനിയൻസി’ന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇതിനോടകം മൂന്ന് ലക്ഷത്തിൽ അധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. യൂട്യുബിലും വീഡിയോക്ക് ഇതിനോടകം നാല് ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.
Also Read: വീണിട്ടും തുള്ളൽ നിർത്താതെ; സോഷ്യൽ മീഡിയയെ കുടുകുടാ ചിരിപ്പിച്ച് ക്രിസ്മസ് അപ്പൂപ്പന്മാർ