പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി ദീപാവലി ആഘോഷിക്കുന്നതിന്‍റെ വീഡിയോ എന്ന അടിക്കുറിപ്പോടെ പുതുച്ചേരി ഡപ്യൂട്ടി ഗവര്‍ണര്‍ കിരണ്‍ ബേദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഗുജറാത്തി ഗാനത്തിനൊത്ത് ഗര്‍ബനൃത്തം ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്നാല്‍ കുറച്ചു നേരം കഴിഞ്ഞു വീഡിയോയില്‍ കാണുന്നത് മോദിയുടെ അമ്മ അല്ലെന്ന് അറിയിച്ച് കിരണ്‍ ബേദി തന്നെ രംഗത്തെത്തി.

97-ാം വയസിലും ആവേശത്തോടെയാണ് മോദിയുടെ മാതാവ് ദീപാവലി ആഘോഷിക്കുന്നതെന്നായിരുന്നു ബേദി ട്വീറ്റ് ചെയ്തത്. എന്നാല്‍ തനിക്ക് തെറ്റിപ്പോയതാണെന്ന്  അവര്‍ പിന്നീട് അറിയിക്കുകയായിരുന്നു. ബേദി ട്വീറ്റ് ചെയ്തതോടെ മാധ്യമങ്ങളും ഇത് വന്‍ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയിരുന്നു.

പതിവു തെറ്റിക്കാതെ മോദി ഇത്തവണത്തെ ദീപാവലിയും സൈനികർക്കൊപ്പമാണ് ആഘോഷിച്ചത്. ബന്ദിപ്പോറ ജില്ലയിലെ ഗുറേസ സെക്ടറിലെ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. കരസേന മേധാവി ജനറൽ ബിപിൻ റാവത്തും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഇത് രണ്ടാം തവണയാണ് കശ്മീരിൽ ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാൻ മോദി എത്തുന്നത്. 2014ൽ സിയാച്ചിനിൽ സൈനികർക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചിരുന്നു. 2015ൽ അമൃത്സറിലും കഴിഞ്ഞ വർഷം ഹിമാചൽപ്രദേശിലെ ചൈനീസ് അതിർത്തിയിലുമാണ് മോദി ദീപാവലി ആഘോഷിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook