കോട്ടയം: വാഹനങ്ങള്‍ക്കിടയില്‍ പാമ്പ് കയറി മാസങ്ങളോളം ഇരിക്കാറുണ്ട്. സാധാരണ ചെറിയ പാമ്പുകളെയാണ് ഇങ്ങനെ കണ്ടെത്താറുള്ളത്. എന്നാല്‍ കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ സുജിത്തിന്റെ കാറിനുള്ളിലുണ്ടായിരുന്നത് കൂറ്റന്‍ രാജവെമ്പലയായിരുന്നു. രാജവെമ്പാലയുടെ കൂടെയായിരുന്നു കഴിഞ്ഞ 30 ദിവസത്തോളമായുള്ള സുജിത്തിന്റേയും കുടുംബത്തിന്റേയും ജീവിതം, സജിത്തിന് പോലും വിശ്വസിക്കാന്‍ കഴിയാത്ത ഒന്ന്.
ഒരുമാസം മുന്‍പാണ് കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ സുജുത്തും സുഹൃത്തുക്കളും ജോലി സംബന്ധമായി നിലമ്പൂരെത്തിയത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശത്തായിരുന്നു ജോലി. കോട്ടയത്തേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടയില്‍ കാറിന്റെ പരിസരത്ത് ഒരു രാജവെമ്പാലയെ കാണുകയും ചെയ്തു. എന്നാല്‍ കാറരിച്ചു പെറുക്കെയെങ്കിലും പാമ്പിന്റെ പൊടി പോലും കണ്ടില്ല. ധൈര്യത്തോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
നാട്ടിലെത്തിയ ശേഷം കാറുമായി സുജിത്തും കുടുംബവും നിരവധി സ്ഥലങ്ങളിലേക്ക് യാത്ര പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കാര്‍ കഴുകുന്നതിനിടെയാണ് പാമ്പിന്റെ പടം സുജിത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. നേരത്തെയുണ്ടായ സംശയം കൂടി കൂട്ടിവായിച്ചപ്പോള്‍ പാമ്പ് കാറിനുള്ളില്‍ ഉണ്ടെന്ന് ഏറെക്കുറെ ഉറപ്പിച്ചു. ഒടുവില്‍ സുജിത് വാവ സുരേഷിനെ വിളിച്ചു വരുത്തി. സുരേഷെത്തി കാറും, വീടിന്റെ പരിസരവുമൊക്കെ പരിശോധിച്ചെങ്കിലും രാജവെമ്പാലയെ കണ്ടില്ല.
എന്നാല്‍ പാമ്പിന്റെ കാഷ്ടം സുരേഷ് കണ്ടെത്തിയിരുന്നു. ഒരു മണിക്കൂര്‍ മാത്രമാണ് കാഷ്ടത്തിന് പഴക്കമുള്ളതെന്ന് സുരേഷ് പറഞ്ഞതോടെ സുജിത്തും നാട്ടുകാരും അങ്കലാപ്പിലായി. ശേഷമാണ് അടുത്ത വീട്ടിലെ ചകിരക്കൂനയുടെ ഇടയില്‍ പാമ്പിന്റെ വാല് കണ്ടത്. ഉടന്‍ തന്നെ കൂന വലയിട്ട് മൂടുകയും വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. വനം വകുപ്പിലെ പാമ്പ് പിടുത്തക്കാരനായ അബീഷ് എത്തി രാജവെമ്പാലയെ കയ്യോടെ പൊക്കി.