പ്രശസ്ത മോഡലും റിയാലിറ്റി ഷോ താരവുമായ കിം കർദാഷിയന്റെ അപര ക്രിസ്റ്റീന ആഷ്ടെൻ ഗോർകാനി അന്തരിച്ചു. 34 വയസ്സായിരുന്നു. പ്ലാസ്റ്റിക്ക് സർജറിയെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. ആഷ്ടെൻ ജി എന്ന പേരിലാണ് ഇവർ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. ആറു ലക്ഷത്തിലധികം ഫോളോവേഴ്സാണ് ക്രിസ്റ്റീനയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.
ക്രിസ്റ്റീനയുടെ മരണാവശ്യങ്ങൾക്കായി രൂപീകരിച്ച ഫണ്ട് റേസിങ്ങ് കാമ്പയിന്റെ പോസ്റ്റിലൂടെ മരണ വിവരം പുറത്തു വന്നത്. “ഞങ്ങളുടെ മകളും സഹോദരിയുമായ ക്രിസ്റ്റീന ആഷ്ടെൻ ഗോർകാനി വിട പറഞ്ഞിരിക്കുകയാണ്. ഒരുപാട് ദുഖത്തോടെയാണ് ഞങ്ങൾ ഈ വാർത്ത അറിയിക്കുന്നത്” കുറിപ്പിൽ പറയുന്നു.
ഗോഫണ്ട്‌മി എന്ന പേജിലൂടെയാണ് പണം സമാഹരിക്കുന്നത്. മെയ് 4-ാം തീയതിയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പ്ലാസ്റ്റിക്ക് സർജറികളെ തുടർന്നാണ് ക്രിസ്റ്റീനയുടെ അന്ത്യമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 20 നായിരുന്നു മരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അടുത്തിടെയാണ് ഇത്തരത്തിൽ പ്ലാസ്റ്റിക്ക് സർജറി നടത്തിയ കനേഡിയൻ നടൻ സെയിന്റ് വോൺ കൊലുസി മരണപ്പെട്ടത്. ബിടിഎസ് താരം ജിമിനുമായി രൂപസാദൃശ്യം വരുത്തുവാനായിരുന്നു കൊലുസി തന്റെ ശരീരത്തിൽ പരീക്ഷണം നടത്തിയത്.