പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാതി-മത-ലിഗം-വർണ ഭേദമന്യേ രാജ്യമൊട്ടാകെ  പ്രതിഷേധിക്കുമ്പോൾ അതിനൊപ്പം ചേരുകയാണ് കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി കൂമ്പാറയിലെ ഒരുകൂട്ടം കുരുന്നുകളും.

“പിറന്ന മണ്ണിൽ ജീവിക്കാൻ… പിറന്ന മണ്ണിൽ മരിക്കാനായി… പൗരനായി ജീവിക്കാൻ രേഖ വേണോ സർക്കാരേ” എന്ന് ചോദിക്കുന്ന കുട്ടികളുടെ ആവശ്യം പൗരത്വ നിയമം പിൻവലിക്കുക എന്നതാണ്. ഇത് തങ്ങളുടെ പ്രതിഷേധമാണെന്നും എല്ലാ നാട്ടുകാരും പ്രതിഷേധിക്കണമെന്നും കുട്ടികൾ മുദ്യാവാക്യം വിളിക്കുന്നുണ്ട്. പിന്നീട് പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പ് കുട്ടികൾ കത്തിക്കുന്നതും കാണാം.

വിവിധ കോളേജുകളിലും സർവകലാശാലകളിലുമുള്ള വിദ്യാർഥികൾ നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി സിനിമാ താരങ്ങളും എത്തി. പാർവതി, ആഷിഖ് അബു, അമല പോൾ, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി തുടങ്ങി സിനിമ മേഖലയിൽനിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സർവകലാശാലയിലേത് ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

Read More: വിദ്യാർഥികൾക്ക് പിന്തുണയുമായി താരങ്ങൾ; പൊട്ടിത്തെറിച്ച് അമല പോൾ

പ്രതിഷേധിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചാണ് താരങ്ങൾ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. “ഇന്ത്യ നിന്റെ തന്തയുടെ വകയല്ല” എന്ന് എഴുതിയ ചിത്രമാണ് ആഷിഖ് അബുവും അമല പോളും പങ്കുവച്ചിരിക്കുന്നത്.

ഹൃദയം കൊണ്ട് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കൊപ്പമാണെന്ന് പാർവതി പറഞ്ഞു. ഡൽഹി പൊലീസിനെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് സർജാനോ ഖാലിദ് കുറിച്ചു.

മുൻപ് പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന സമയത്തും പാർവതി പ്രതികരിച്ചിരുന്നു. “ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുന്നു. നമ്മൾ ഇതൊരിക്കലും സംഭവിക്കാൻ അനുവദിക്കരുത്,” എന്ന് പാർവതി ട്വിറ്ററിൽ കുറിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook