തന്‍റെ ട്വിറ്റര്‍ ടൈംലൈനില്‍ കേന്ദ്ര ടെക്‌സ്റ്റെൽസ് വകുപ്പ് മന്ത്രി സ്‌മൃതി ഇറാനിയോട് മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ്‌ ദേശീയ വക്താവ് ഖുശ്ബു. പ്രധാനമന്ത്രിയുടെ സൗജന്യ പാചകവാതക വിതരണ സംരംഭമായ ‘ഉജ്ജ്വല യോജന’യുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി നടത്തിയ ഒരു പരാമര്‍ശത്തിലാണ് സംഭവങ്ങളുടെ തുടക്കം. ‘ഉജ്ജ്വല സ്കീമില്‍’ പാചകവാതകം ലഭിച്ച ഒരു കൂട്ടം സ്ത്രീകളുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞതിങ്ങനെ.

“ഇപ്പോള്‍ പതിദേവ് (ഭര്‍ത്താവ്) ചോദിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ചായ കൊടുക്കാന്‍ പറ്റുന്നുണ്ടാവുമല്ലോ അല്ലേ? അതുകൊണ്ട് വീട്ടിലെ വഴക്കുകളും കുറഞ്ഞു കാണുമല്ലോ?”.

കടുത്ത സ്ത്രീവിരുദ്ധതയാണ് പ്രധാനമന്ത്രി ഈ പറഞ്ഞത് എന്നാണ് ഖുശ്ബു ട്വിറ്ററില്‍ പ്രതികരിച്ചത്.

“ഭര്‍ത്താവിന് വേഗം ചായ ഉണ്ടാക്കി കൊടുക്കുന്നത് കൊണ്ട് വീട്ടിലെ വഴക്കുകള്‍ കുറയുമെന്ന്… അത് ഗ്യാസ് കണക്ഷന്‍ കാരണമാണെന്ന്… നിങ്ങള്‍ ഇരിക്കുന്ന കസേരയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, ഒന്നുകില്‍ ഒരു ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ പങ്കു വയ്‌ക്കപ്പെടുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് ഒരു ധാരണയുമില്ല അല്ലെങ്കില്‍ സ്ത്രീ പുരുഷന് അടിമയായിരുന്നു എന്ന് പറയപ്പെടുന്ന ഏതോ പുരാതന കാലത്ത് ജീവിക്കുകയാണ് നിങ്ങള്‍ ഇപ്പോഴും.” സെക്സിറ്റ് മോദി എന്ന ഹാഷ്‌ടാഗ് ചേര്‍ത്ത് ഖുശ്ബു കുറിച്ചു.

ഖുശ്ബുവിന്‍റെ ഈ ട്വീറ്റിന് താഴെയാണ് സ്മൃതി ഇറാനിയെ പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു മറുപടി വന്നത്. ജോഷെബാ കാര്‍ദില്യ എന്ന സ്ത്രീയാണ് അത് പറഞ്ഞിരിക്കുന്നത്.

“പറഞ്ഞത് തീര്‍ത്തും ശരിയാണ്. ഭാര്യയെ ഉപേക്ഷിച്ച ആളല്ലേ! എങ്ങനെ അറിയാനാണ് ഇതൊക്കെ. അദ്ദേഹം അറിയുന്ന സ്ത്രീകളാകട്ടെ സ്‌മൃതി ഇറാനിയെപ്പോലെയുള്ളവരും. അതുകൊണ്ട് അദ്ദേഹത്തില്‍ നിന്നും വേറെന്ത് പ്രതീക്ഷിക്കാന്‍!”, ഖുശ്ബു പറഞ്ഞതിനെ പിന്‍താങ്ങിക്കൊണ്ട് രൂക്ഷമായ ഭാഷയില്‍ ജോഷെബാ കാര്‍ദില്യ മോദിയെ ഇങ്ങനെ വിമര്‍ശിച്ചു.

തന്‍റെ ആശയങ്ങളോട് യോജിച്ചു കൊണ്ടാണ് ജോഷെബാ കാര്‍ദില്യ ഇത് പറഞ്ഞതെങ്കിലും അതിലെ സ്‌മൃതി ഇറാനി പരാമര്‍ശം ഖുശ്ബുവിനെ ചൊടിപ്പിച്ചു. അനാവശ്യമായി അവരെ ഇതില്‍ വലിച്ചിഴയ്ക്കരുത് എന്നും സ്ത്രീകളെക്കുറിച്ച്‌ അപമര്യാദയായി സംസാരിക്കരുത് എന്നും ഖുശ്ബു ജോഷെബാ കാര്‍ദില്യയ്ക്ക് കര്‍ശന താക്കീത് നല്‍കി.

Screenshot_3

“സ്‌മൃതി ഇറാനിയ്ക്ക് ഇതില്‍ എന്താണ് കാര്യം? അനാവശ്യമായി ഒരു സ്ത്രീയെ അധിക്ഷേപിക്കുകയോ അവമതിയ്ക്കുകയോ ചെയ്യരുത്. അവര്‍ ഒരു മകളാണ്, ഭാര്യയാണ്, അമ്മയാണ്. എല്ലാറ്റിനും മുകളില്‍ അവരുടെ കുടുംബത്തിന്‍റെ അഭിമാനമാണ്. പ്രതിപ്രക്ഷമെന്നാല്‍ തരംതാണ വ്യക്തിഹത്യ നടത്തലല്ല. ഇങ്ങനെയുള്ള കമന്റുകള്‍ പറയാതിരിക്കൂ. ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു സ്‌മൃതീ…” എന്നാണ് ഖുശ്ബു എഴുതിയത്.

ഈ സംഭാഷണത്തില്‍ സ്‌മൃതി ഇറാനിയെ ടാഗ് ചെയ്തിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ