പ്രണയത്തിന്റെ പേരില്‍ കെവിന്‍ എന്ന 23കാരന്‍ അതിക്രൂരമായി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 17 ദിവസങ്ങള്‍. കെവിനെ കാണാതായി എന്നറിഞ്ഞതു മുതല്‍ കരഞ്ഞു കലങ്ങിയ നീനുവിന്റെ മുഖം മാത്രമാണ് എല്ലാവരും കണ്ടിരുന്നത്. എന്നാല്‍ ഇരയായി ഒതുങ്ങാന്‍ തയ്യാറാവാതെ, കെവിന്റെ ആഗ്രഹപ്രകാരം നീനു പഠനം തുടരാന്‍ കോളേജിലെത്തി.

നീനു കോളേജില്‍ പോകുന്ന ചിത്രം ഇന്ന് രാവിലെ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഒരു ഫിനിക്‌സ് പക്ഷിയോടാണ് നീനുവിനെ ഉപമിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയയും പരിപൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്.

കെവിന്റെ സഹോദരിയുടെ ചുരിദാര്‍ ധരിച്ച്, അമ്മ നല്‍കിയ ചോറുപൊതിയുമായി കെവിന്റെ അച്‌ഛന്‍ ജോസഫിനൊപ്പമാണ് നീനു കോളേജില്‍ എത്തിയത്. കെവിനെ നഷ്‌ടപ്പെട്ടെന്നറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു കരഞ്ഞ പെണ്‍കുട്ടി പതിയെ ചിരിച്ചു തുടങ്ങിയിരിക്കുന്നു. നീനു ജീവിതത്തോടുള്ള പോരാട്ടത്തിലാണ്.

കൊല്ലം തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്നാണ് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. മെയ് 28 രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തില്‍ മുഖത്തും കണ്ണിലും മുറിവേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. കേസില്‍ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്.

കെവിന്‍ മുങ്ങിമരിച്ചതാണെന്നാണ് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോട്ടയം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം അധികൃതര്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐജി വിജയ് സാഖറേയ്‌ക്കു കൈമാറിയിട്ടുണ്ട്.

മരണകാരണമായേക്കാവുന്ന പരിക്കുകളൊന്നും കെവിന്റെ ശരീരത്തില്‍ കണ്ടെത്തിയില്ല. ശരീരത്തിലെ 15 മുറിവുകളില്‍ മിക്കതും വീണപ്പോള്‍ ഉരഞ്ഞതു മൂലമാണ്. മുഖത്തേറ്റ ചതവുകള്‍ മർദ്ദനത്തില്‍നിന്നുള്ളതാണ്. ഇതു മരണ കാരണമാണെന്നു പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook