ശബരിമലയിലെ യുവതി പ്രവേശനം രാജ്യമൊട്ടാകെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സുപ്രിംകോടതി വിധി ഉണ്ടായിട്ടും സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി അടക്കമുളള ഹൈന്ദവ സംഘടനകള്‍ പ്രഖ്യാപിച്ച് പ്രതിഷേധത്തിനും ഇറങ്ങി. കേരളത്തില്‍ നിന്നുളള രണ്ട് യുവതികള്‍ ആദ്യം ശബരിമലയില്‍ ദര്‍ശനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ ബിജെപി അടക്കമുളളവരുടെ പിന്തുണയോടെ കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപകമായ അക്രമമാണ് ഉണ്ടായത്.

അതേസമയം ശ്രീലങ്കയില്‍ നിന്നുളള ശശികല എന്ന യുവതിയും ശബരിമലയില്‍ പ്രവേശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു. ശബരിമലയിൽ ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന്​ പിന്നാലെ സംഘപരിവാര്‍ സംഘടനകളെ ട്രോളിയാണ് സോഷ്യല്‍മീഡിയ പ്രതികരിച്ചത്. ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയെ കൂട്ടുപിടിച്ചായിരുന്നു ട്രോളുകള്‍ ഏറേയും. സംഘപരിവാറിനോടുളള സംഗക്കാരയുടെ പേരിലെ സാമ്യമാണ് ട്രോളന്മാര്‍ മുതലാക്കിയത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് കീഴെയാണ് സംഘപരിവാറിനെതിരെ ട്രോളുകളും കമന്റുകളും പ്രത്യക്ഷപ്പെട്ടത്.

ശബരിമലയിൽ സ്​ത്രീ പ്രവേശിച്ചതിന്​ പിന്നാലെ ശ്രീലങ്കയിൽ ഹർത്താൽ പ്രഖ്യാപിക്കാനാണ്​ സംഗക്കാരയോട്​ ആവശ്യപ്പെടുന്നത്​. സംഗക്കാരയുണ്ടായിട്ടും യുവതി ​ശബരിമലയിൽ ദർശനം നടത്തിയതി​​ന്റെ പരിഭവവും ചിലർ മറച്ച്​ വെക്കുന്നില്ല. ഫേസ്​ബുക്കിൽ സംഗക്കാര ഷെയർ ചെയ്​ത വീഡിയോക്ക്​ താഴെയാണ്​ കമൻറുകൾ നിറയുന്നത്​. കൂടുതലും മലയാളത്തിലാണ് കമന്റുകള്‍ ചെയ്തിട്ടുളളത്. അത്കൊണ്ട് തന്നെ എന്താണ് നടക്കുന്നതെന്ന് ക്രിക്കറ്റ് താരത്തിനും പിടികിട്ടിയിട്ടില്ല. എന്തായാലും സംഭവത്തില്‍ അദ്ദേഹം ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ