വെള്ളപ്പൊക്കത്തിന് പിന്നാലെയുണ്ടായ ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ കഴിഞ്ഞ ആഴ്ച്ച തിരക്ക് അനുഭവപ്പെട്ടിരുന്നു. പെട്രോൾ പമ്പുകൾ അടച്ചെന്നും ഇന്ധനം കിട്ടാനില്ലെന്നുമുള്ള വാർത്ത പരന്നതോടെ പെട്രോൾ പമ്പുകളിലേക്ക് നിരവധി ആളുകളാണ് എത്തിയത്. തിരക്കേറിയ റോഡുകളിലേക്ക് വാഹനങ്ങളുടെ ക്യൂ നീളുന്നത് പല സ്ഥലത്തും ഗതാഗതകുരുക്കുകളും ഉണ്ടാക്കിയിരുന്നു. വ്യാഴാഴ്ച മുതലാണ് കോഴിക്കോട് ,വയനാട് ജില്ലകളിൽ കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയത്.

മഴയെ തുടർന്ന് കൊച്ചിയിൽ നിന്ന് ഇന്ധനം വഹിച്ചുള്ള ടാങ്കറുകൾ വരുന്നതിൽ തടസ്സം നേരിട്ടതോടെ പെട്രോൾ പമ്പുകൾ അടയ്ക്കുകയും മറ്റുള്ള പമ്പുകൾക്കു മുന്നിൽ വൻ തിരക്ക് അനുഭവപ്പെടുകയുമായിരുന്നു. ഇന്ധനം സംഭരിക്കുന്ന എറണാകുളത്തെ ഇരുമ്പനയിൽ നിന്നും ടാങ്കറുകൾക്ക് റോഡു മാർഗ്ഗം എത്തിപ്പെടാൻ യാതൊരു മാർഗവുമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ദേശീയ പാതകളിൽ വെള്ളം കയറിയതോടെ പല ടാങ്കറുകളും പാതി വഴിയിൽ കുടുങ്ങിയ അവസ്ഥയുമായി. എന്നാല്‍ ഇതിനിടെ വൈറലായി മാറിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ഉത്തരേന്ത്യയില്‍ അടക്കം പ്രചരിക്കുന്നത്. പെട്രോള്‍ പമ്നിന്റെ ഒരു കിലോമീറ്ററോളം ചുറ്റളവില്‍ അച്ചടക്കത്തോടെ കാത്തിരിക്കുന്ന ഇരുചക്രവാഹനക്കാരെയാണ് വീഡിയോയില്‍ കാണാനാവുക.

ക്ഷമയോടെ കാത്തിരിക്കുന്ന മലയാളികളെ നിരവധി പേരാണ് ട്വിറ്ററിലും ഫെയ്സ്ബുക്കിലും അഭിനന്ദിച്ച് രംഗത്തെത്തിയത്. തൃശൂരില്‍ നിന്നുളള ഈ ദൃശ്യങ്ങള്‍ മദ്യഷോപ്പിന് മുമ്പിലെ കാഴ്ച്ചയെന്ന അടിക്കുറിപ്പോടെ പ്രചരിച്ചിരുന്നു.

തിരക്ക് വർധിച്ചതോടെ ജീവനക്കാർ കാറിനും ഇരുചക്രവാഹനങ്ങൾക്കും വലിയ വാഹനങ്ങൾക്കും പ്രത്യേക വരികളാക്കുകയായിരുന്നു. കനത്ത മഴയെ തുടർന്ന് ചുരങ്ങളിൽ നിരന്തരം മണ്ണിടിച്ചിൽ ഉണ്ടാകുന്നത് കണക്കിലെടുത്ത് വയനാട് ജില്ലയിൽ പമ്പുടമകൾ കൂടുതൽ ഇന്ധനം സ്റ്റോക്ക് ചെയ്തിരുന്നു. എന്നാൽ കോഴിക്കോടും എറണാകുളത്തും വെള്ളം പൊങ്ങിയതോടെ എണ്ണ ലഭിക്കില്ലെന്ന് ആശങ്കയിൽ ജനങ്ങൾ തിരക്ക് കൂട്ടുകയായിരുന്നു, സംസ്ഥാനത്ത് ഇന്ധനക്ഷാമമാണെന്നും ഇനി ഇന്ധനം ലഭിക്കില്ലെന്നുമുള്ള വ്യാജവാർത്തകളും പെട്രോൾ പമ്പുകളിലെ തിരക്കിന് കാരണമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook