കാസർകോട്: ലൗ ജിഹാദുമായി വരുന്നവരുടെയും കാലികളെ അറുക്കുന്നവരുടേയും കഴുത്തു വെട്ടാൻ സഹോദരിമാർക്ക് വാൾ വാങ്ങി നൽകണമെന്ന് പ്രസംഗിച്ച വിശ്വഹിന്ദു പരിഷത്‌ വനിതാ നേതാവ് സാധ്വി സരസ്വതിയുടെ പേജില്‍ മലയാളികളുടെ പൊങ്കാല. ബീഫും ബീഫ് ബിരിയാണിയും ഉണ്ടാക്കുന്ന വിധം സാധ്വിയുടെ പേജില്‍ കമന്റുകളായ് നിറഞ്ഞു. മലയാളത്തിലും ഹിന്ദിയിലുമാണ് ട്രോളുകള്‍ നിറയുന്നത്.

ഹോട്ടലിലെ മെനു കണക്കെയാണ് സാധ്വിയുടെ പേജില്‍ കമന്റുകള്‍ നിറയുന്നത്. ബീഫ് ഫെസ്റ്റ് നടത്താന്‍ പേജില്‍ വന്നപ്പോള്‍ ഹോട്ടല്‍ തുടങ്ങിയ കാഴ്ച്ചയാണ് കണ്ടതെന്ന് ഒരു വിരുതന്‍ കമന്റിട്ടു. വിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സാധ്വിയുടെ പേജില്‍ പൊങ്കാല തുടങ്ങിയത്. മതവികാരം വ്രണപ്പെടുത്തി സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിനാണ് ബദിയടുക്ക് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 295എ, 153, 506 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നൗഫല്‍ ഉളിയത്തടുക്ക എന്നയാളുടെ പരാതിയിലാണ് നടപടി.

സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബദിയടുക്ക സിപിഎം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഇടയാക്കിയെന്നും പരിപാടി നേരത്തെയുള്ള ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഭാഗമാണെന്നും പരാതിയില്‍ പറയുന്നു.

കാസർകോട് ബദിയടുക്കയിൽ നടന്ന വിരാറ്റ് ഹിന്ദു സമാജോത്സവം ഉദ്​ഘാടനം ചെയ്‌തു സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. ‘ഒരു ലക്ഷം രൂപവരെ മുടക്കി മൊബൈൽ ഫോൺ വാങ്ങുന്നവരാണ് നമ്മൾ. എന്നാൽ ആയിരം രൂപ മുടക്കി ഒരു വാൾ വാങ്ങി എല്ലാ വീടുകളിലും വയ്ക്കണം. ലൗ ജിഹാദികൾ സ്ത്രീകളെ നോക്കിയാൽ അവരുടെ കഴുത്തു വെട്ടണം. പശുക്കളെ അറുക്കുന്നവര്‍ക്ക് നേരേയും ഈ വാൾ ഉപയോഗിക്കണമെന്ന് സ്വാധി സരസ്വതി പറഞ്ഞു.

ഹിന്ദുക്കൾ ആയുധമെടുത്തു വിപ്ലവം നടത്തണം. എങ്കിലേ മതം മുന്നോട്ടു പോകുകയുള്ളൂ. ഭാരത് മാതാ കീ ജയ് വിളിക്കാൻ മടിക്കുന്നവർ അയോധ്യയിലെ ക്ഷേത്രം പൂർത്തിയാകുമ്പോൾ ജയ് ശ്രീരാം എന്നെങ്കിലും വിളിക്കും. ഇതിനായി നിയമസഭയിൽ കാവിക്കൊടി പാറണമെന്നും അവർ ആഹ്വാനം ചെയ്തു. സനാതൻ ധർമ പ്രചാർ സേവാ സമിതി എന്ന ഹിന്ദു സംഘടനയുടെ പ്രസിഡന്റാണു മധ്യപ്രദേശുകാരിയായ സാധ്വി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook