ഗുരുവായൂർ: ഒറ്റ പ്രസവത്തിൽ അഞ്ചു മക്കൾക്ക് ജന്മം നൽകിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയെ നമ്മൾ മറന്നു കാണില്ല. രമാദേവിയും മക്കളും ഇടയ്ക്കിടെ വാർത്തകളിൽ ഇടം നേടാറുണ്ട്. പഞ്ചരത്‌നങ്ങളിൽ മൂന്നു പേരുടെ കല്യാണം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് ഇന്ന് നടന്നത്. 7.45 നും 8.15 നു ഇടയിലായിരുന്നു മുഹൂർത്തം. നാലുപേരുടേയും ഏക സഹോദരൻ ഉത്രജൻ ചടങ്ങുകൾ​നടത്തി.

1995 നവംബറിലാണ് പഞ്ചരത്‌നങ്ങളുടെ അപൂർവ പിറവി. ഒറ്റ പ്രസവത്തിൽ അഞ്ച് കുട്ടികൾ ഉണ്ടായത് അന്ന് ഏറെ കൗതുകത്തോടെയാണ് കേരളം ഉറ്റുനോക്കിയത്. ഉത്രം നാളിൽ ജനിച്ചത് കൊണ്ട് തന്നെ ഉത്ര, ഉത്തര, ഉത്രജ, ഉത്രജൻ, ഉത്തമ എന്നിങ്ങനെയാണ് മക്കൾക്ക് നൽകിയിരിക്കുന്ന പേരുകൾ.

ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്. മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവര്‍ത്തകന്‍ തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്നീഷ്യന്‍ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീതും താലികെട്ടി.

Read More: എന്തൊരു പാട്ടാണ് കുഞ്ഞേ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഒരു ആറാം ക്ലാസുകാരി

കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്നീഷ്യന്‍ ഉത്രജയുടെ വരന്‍ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തില്‍ അനസ്തീഷ്യ ടെക്നീഷ്യനാണ്. ആകാശിന് നാട്ടിലെത്താന്‍ കഴിയാത്തതുകാരണം ഉത്തമയുടെ വിവാഹം മാത്രം നീട്ടിവയ്ക്കേണ്ടിവന്നു. നാല് പെൺമക്കളുടേയും വിവാഹം ഒരുമിച്ച് നടത്തണം എന്നായിരുന്നു രമാദേവിയുടെ ആഗ്രഹം.

പഞ്ചരത്നങ്ങൾ കുട്ടികളായിരിക്കേയാണ് പിതാവ് പ്രേംകുമാറിന്റെ മരണം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് രമാദേവി അഞ്ചുപേരെയും വളര്‍ത്തി വലുതാക്കി. അഞ്ചുപേരും പഠിച്ച് ജോലി നേടുകയും ചെയ്തു. ജില്ലാ സഹകരണ ബാങ്കിൽ രമാദേവിക്ക് സർക്കാർ ജോലി നൽകിയതോടെയാണ് കുടുംബം കരകയറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook