തിരുവനന്തപുരം : കേരളാ ടൂറിസത്തിന്‍റെ ട്വിറ്റര്‍ പേജില്‍ നിന്നും വന്നൊരു ട്വീറ്റ് ചൂടന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ് ഇപ്പോള്‍. താജ്മഹലിനെകുറിച്ചുള്ള ട്വീറ്റിനു ഇതിനോടക്കം തന്നെ രണ്ടായിരത്തില്‍പരം റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഭരിക്കുന്ന ബിജെപിയുടെ നേതാക്കള്‍ താജ്മഹലിനെതിരെ നിലപാടെടുക്കുകയും. ലോകപ്രശസ്തമായ സ്മാരകത്തെ ചൊല്ലി വിവാദങ്ങള്‍ കൊഴുപ്പിച്ചുകൊണ്ടിരിക്കെയുള്ള ഈ ട്വീറ്റ് രാഷ്ട്രീയമായും കണക്കാക്കുന്നവരുണ്ട്.

” ദശലക്ഷങ്ങളെ ഇന്ത്യ കണ്ടെത്താന്‍ പ്രചോദനമാകുന്ന താജ് മഹലിനെ ദൈവത്തിന്‍റെ സ്വന്തം നാട് വണങ്ങുന്നു” എന്നായിരുന്നു കേരളാ ടൂറിസത്തിന്‍റെ ട്വീറ്റ്.

കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള ബിജെപി എംഎല്‍എയായ സംഗീത് സോം ഒരു പൊതുപരിപാടിയില്‍ താജ്മഹലിനെതിരെ രൂക്ഷമായി സംസാരിച്ചിരുന്നു. ” മുഗള്‍ചക്രവര്‍ത്തിയായ ഷാജഹാന്‍ നിര്‍മിച്ച താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിനു കളങ്കമാണ്” എന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞത്. താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന ബിജെപി എംപി വിനയ് കത്ത്യാളിന്‍റെ പ്രസ്താവനയും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

എന്നാല്‍ ഈ വിവാദങ്ങളുമായി തങ്ങളുടെ ട്വീറ്റിനു ഒരു ബന്ധവുമില്ല എന്നായിരുന്നു കേരളാ ടൂറിസത്തിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിന്‍റെ ചുമതല വഹിക്കുന്നവര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട്‌ പറഞ്ഞത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സിയാണ് ടൂറിസം വകുപ്പിനു വേണ്ടി ഡിജിറ്റല്‍ മാര്‍കെറ്റിങ് നടത്തുന്നത് എന്നും. മാസാടിസ്ഥാനത്തില്‍ അനുമതി വാങ്ങിയ ശേഷമാണ് പോസ്റ്റുകള്‍ തീരുമാനിക്കുന്നത് എന്നുമായിരുന്നു ഒരു മുതിര്‍ന്ന ടൂറിസം ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം. 1.27ദശലക്ഷത്തോളം ഫോളോവര്‍മാരുള്ള ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ സാധാരണയായി സംസ്ഥാനത്തുനിന്നുമുള്ള മലകള്‍, കടല്‍തീരങ്ങള്‍, കായല്‍, ഭക്ഷണം, ചരിത്രസ്മാരകങ്ങള്‍ എന്നിവയുടെയും മറ്റും ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത്. ഇതുപോലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നത് അത്യപൂര്‍വ്വമാണ്.

ധാരാളം പേരാണ് കേരളാ ടൂറിസത്തിന്‍റെ ട്വീറ്റ് ബിജെപിക്കും ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനും നേരെയുള്ള ട്രോളായി കണക്കാക്കുന്നത്. റീട്വീറ്റുകള്‍ ധാരാളമായി വന്നുകൊണ്ടിരിക്കെ തന്നെ. ട്വീറ്റില്‍ ചൊടിച്ചുകൊണ്ടുള്ള കമന്‍റുകളും ചോദ്യങ്ങളും ഉയരുന്നുമുണ്ട്.

കേരളത്തിന്‍റെ ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനും ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. ” ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ താജ്മഹലിന്‍റെ ധനികമായ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നുവെന്നും. ദശലക്ഷങ്ങള്‍ക്ക് പ്രചോദനമാകുന്ന താജ്മഹലിനെ വണങ്ങുന്നു” എന്നുമായിരുന്നു കടകംപള്ളിയുടെ ട്വീറ്റ്.

സിപിഎം മന്ത്രിയുടെ ട്വീറ്റിനു പിന്നാലെ തന്നെ താജ്മഹല്‍ വിവാദങ്ങളെ പാര്‍ട്ടി ബിജെപിക്കെതിരായ രാഷ്ട്രീയായുധമാക്കുകയാണോ എന്ന സംശയവും വര്‍ദ്ധിക്കുന്നുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍റെ ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്കെത്തിയ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. യോഗിയുടെ വിമര്‍ശനത്തിനു അതേ നാണയത്തില്‍ മറുപടി നല്‍കിയ പിണറായി വിജയന്‍. താജ്മഹലിനെ ടൂറിസം മാപ്പില്‍ നിന്നും ഒഴിവാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നയത്തെക്കുറിച്ച് ഒരു മറുചോദ്യവും ഉന്നയിച്ചിരുന്നു.

“യോഗിജീ, താങ്കള്‍ താങ്കളുടെ സംസ്ഥാനത്തേക്ക് തിരിച്ചുപോകുമ്പോള്‍ അസ്വസ്ഥരായ കേരളത്തിനു ഒരു ചോദ്യം ചോദിക്കാനുണ്ട്? എന്തിനാണ് താജ് മഹലിനെ ടൂറിസം മാപ്പില്‍ നിന്നും ഒഴിവാക്കിയത് ? ” എന്നായിരുന്നു പിണറായി വിജയന്‍റെ ട്വീറ്റ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ